കൊച്ചി: കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ വഴിയാണ് മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയത്.
|
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകൾക്കായി ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. താൻ അടിപൊളി ആയി തിരിച്ചു വരുമെന്നും ഇതുവരെ പിന്തുണയായിരുന്നവർ ഇനിയും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും മഹേഷ് പറയുന്നു.
‘എനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. എല്ലാവർക്കും അറിയാം മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങൾ ആരും വിഷമിക്കണ്ട പഴയതിനേക്കാൾ അടിപൊളി ആയി ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുകയാണ്’- മഹേഷ് കുഞ്ഞുമോൻ പറയുന്നു.
അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ.
മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയതും മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ മരണത്തിന് കീഴടങ്ങിയത്.


