20
Oct 2025
Thu
20 Oct 2025 Thu
Makkah King Salman gate project

Makkah king Salman gate project launched മക്ക മക്കയില്‍ വിശുദ്ധ ഹറമിനോട് ചേര്‍ന്ന് വന്‍ വികസന കുതിപ്പിന് വഴി തുറക്കുന്ന കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചതായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഹറമിനോട് ചേര്‍ന്നുള്ള 1.2 കോടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി ഒരുങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരവികസനത്തിനുള്ള ആഗോള മാതൃക എന്ന നിലയില്‍ മക്കയുടെ, പ്രത്യേകിച്ച് ഹറമിനടുത്ത പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റമാണ് പദ്ധതിയിലൂടെ കൈവരിക്കുക. സേവന നിലവാരം മെച്ചപ്പെടുത്താനും ഹറമിനു ചുറ്റും പാര്‍പ്പിട, സാംസ്‌കാരിക, സേവന സൗകര്യങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്ന ബഹുമുഖ-ഉപയോഗ കേന്ദ്രമാണിത്. പദ്ധതി പ്രദേശത്തെ നമസ്‌കാര സ്ഥലങ്ങളിലും മുറ്റങ്ങളിലുമായി ഒരേസമയം ഏകദേശം ഒമ്പതു ലക്ഷം പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യമുണ്ടാകും.

ഹറമിലേക്കുള്ള യാത്ര സുഗമമാക്കാനായി കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതിയെ പൊതുഗതാഗതവുമായി ബന്ധിപ്പിക്കും. മക്കയുടെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകത്തിന്റെയും മികച്ച ആധുനിക ജീവിതശൈലിയുടെയും സംയമനമായിരിക്കും പദ്ധതി. 19,000 ചതുരശ്ര മീറ്റര്‍ സാംസ്‌കാരിക, പൈതൃക മേഖലകള്‍ വികസിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്ത് മക്കയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ALSO READ: ആര്‍എസ്എസ് ക്യാമ്പുകളിലെ ലൈംഗിക പീഡനം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്; സോഷ്യല്‍ മീഡിയ അക്കൗണ്ട് പൂട്ടി നേതാവ് മുങ്ങി

2036 ഓടെ മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും പദ്ധതി സഹായിക്കും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ സ്ഥാപനമായ റുഅ അല്‍ഹറം അല്‍മക്കി കമ്പനിയാണ് കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി വികസിപ്പിക്കുന്നത്.

ഹറമിനു ചുറ്റുമുള്ള പ്രദേശങ്ങളും വികസിപ്പിച്ച് ആഗോള വികസന മാതൃകകളില്‍ ഒന്നാക്കി മാറ്റാനും കമ്പനി പ്രവര്‍ത്തിക്കും. മക്കയുടെ സാംസ്‌കാരിക ഘടന സംരക്ഷിക്കുന്നതിനൊപ്പം നഗരവാസികളുടെയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യങ്ങള്‍ വലിയ തോതില്‍ മെച്ചപ്പെടുത്തുന്നതായിരിക്കും കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി.