01
Sep 2023
Mon
01 Sep 2023 Mon

കുവൈത്തില്‍ സുരക്ഷാപരിശോധനക്കിടെ പിടിയിലായവരില്‍ 19 മലയാളി നഴ്‌സുമാരും; അറസ്റ്റിലായവരില്‍ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പിടിയിലായ 60 പേരില്‍ 19 മലയാളി നഴ്‌സുമാരും ഉള്‍പ്പെടുന്നതായി വിവരം. ഇതില്‍ അഞ്ച് പേര്‍ നവജാത ശിശുക്കളുടെ അമ്മമാരാണ്. അതിനാല്‍ കുഞ്ഞുങ്ങളെ ജയിലില്‍ എത്തിച്ച് മുലയൂട്ടുന്നതിന് അധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ 19 മലയാളികള്‍ ഉള്‍പ്പെടെ 30 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം.

വിഷയത്തില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരനും കുവൈത്തിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്‌സും ഇടപെടല്‍ നടത്തി വരികയാണ്. പിടിയിലായ എല്ലാവരെയും നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി സിറ്റിയിലെ മാലിയയില്‍, സ്ഥിതി ചെയ്യുന്ന സ്വകാര്യ ക്ലിനിക്കില്‍ പരിശോധന നടത്തിയത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ വര്‍ഷങ്ങളായി ക്ലിനിക്ക് പ്രവര്‍ത്തിക്കുകയാണെന്നാണ് പിടിയിലാവരില്‍ ചിലരുടെ ബന്ധുക്കള്‍ പറയുന്നത്.

പിടിയിലായ മലയാളി നഴ്‌സുമാരില്‍ മുഴുവന്‍ പേരും ഈ സ്ഥാപനത്തില്‍ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് എന്നും ബന്ധുക്കള്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും 3 മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.

ഇവര്‍ അറസ്റ്റിലായതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ദുരൂഹമാണെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌പോണ്‍സറും ഉടമയുമായുള്ള തര്‍ക്കമാണ് പ്രശ്‌നത്തിനും അറസ്റ്റിനും കാരണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്രക്രിയ റൂമില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തവരാണ് അറസ്റ്റിലായതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരില്‍ ഗാര്‍ഹിക തൊഴിലാളികളും കുടുംബ വിസയിലുള്ളവരും ഉള്‍പ്പെടുന്നു എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക