22
Sep 2026
Tue
22 Sep 2026 Tue
Kasaragod cyber crime digital arrest scam

കാസര്‍കോട്: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍. 2025 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കാലയളവിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • സൈബര്‍ തട്ടിപ്പ്: ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ കാസര്‍കോട് നീലേശ്വരം സ്വദേശിയായ 80കാരനായ ഡോക്ടറില്‍നിന്ന് 1,19,35,000 രൂപ തട്ടിയെടുത്തതായി കേസ്.
  • പ്രതിയുടെ അറസ്റ്റ്: വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാസര്‍കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
  • വ്യാജ ഉദ്യോഗസ്ഥര്‍: മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഡോക്ടറെ ഫോണ്‍ വഴിയും വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
  • കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
  • 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി: അറസ്റ്റിലായ പ്രതിയെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
  • ‘ഡിജിറ്റല്‍ അറസ്റ്റ്’ നിയമനടപടിയല്ല: പൊലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ വീഡിയോ കോളിലൂടെ ഒരാളെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്യുകയോ കേസ് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

നീലേശ്വരം സ്വദേശിയായ 80 വയസ്സുകാരനായ ഡോക്ടറെ ഫോണിലൂടെയും വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികള്‍ തങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡോക്ടര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ”ഡിജിറ്റല്‍ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ALO READ: പ്രത്യേക ഫീസ് നല്‍കിയിട്ടും സൈക്കിള്‍ സാധാരണ ബാഗേജ് ബെല്‍റ്റില്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് 27,000 രൂപ നഷ്ടപരിഹാരം നല്‍കണം

കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി ആകെ 1,19,35,000 പ്രതികള്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടര്‍ന്ന് കാസര്‍കോട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

46.25 ലക്ഷം അക്കൗണ്ടില്‍; 9.60 ലക്ഷം മറ്റൊരു പ്രതിയുടെ അക്കൗണ്ടിലേക്ക്

അന്വേഷണത്തില്‍, പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടില്‍നിന്ന് 2025 ഡിസംബര്‍ 17ന് തട്ടിയെടുത്ത 46,25,000 രൂപ നാഗാലാന്‍ഡിലെ പുരാന ബസാര്‍ ശാഖയിലുള്ള ആക്‌സിസ് ബാങ്കിന്റെ ലെയര്‍-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഇതേ ദിവസം പ്രസ്തുത തുകയില്‍നിന്ന് 9,60,000 രൂപ രണ്ട് ഇടപാടുകളിലായി പ്രതിയായ Shamsad Churakuth എന്നയാളുടെ പേരിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 9 ലക്ഷം ചെക്ക് മുഖേന പിന്‍വലിച്ച് ചെലവഴിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. 2026 സെപ്റ്റംബര്‍ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചതായി കാസര്‍കോട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് പി IPS, സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് സൈബര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്‌ഐ നൗഷാദ്, എഎസ്‌ഐമാരായ രഞ്ജിത്ത് കുമാര്‍, ദിലീഷ്, സിപിഒ വിപിന്‍ എന്നിവര്‍ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

‘ഡിജിറ്റല്‍ അറസ്റ്റ്’ യഥാര്‍ത്ഥ നിയമനടപടിയല്ല

പോലീസ്, ക്രൈം ബ്രാഞ്ച്, സി.ബി.ഐ, ആര്‍.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ പേരുപയോഗിച്ച് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി പണം കൈമാറാന്‍ ആവശ്യപ്പെടുന്ന ‘ഡിജിറ്റല്‍ അറസ്റ്റ്’ സൈബര്‍ തട്ടിപ്പിന്റെ ഗുരുതരമായ രൂപമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോളിലൂടെ ഒരാളെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയോ കേസ് ഒഴിവാക്കുന്നതിനായി ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ഭയപ്പെടാതെ ഉടന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയും പണം കൈമാറാതിരിക്കുകയും വേണം.

സംശയാസ്പദമായ സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ നമ്പറില്‍ ഉടന്‍ ബന്ധപ്പെടുകയോ National Cyber Crime Reporting Portal വഴി പരാതി നല്‍കുകയോ ചെയ്യണം. തട്ടിപ്പ് നടന്ന ഉടന്‍ പരാതി നല്‍കുന്നത് പണം മരവിപ്പിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള അന്വേഷണത്തില്‍ നിര്‍ണായകമാണ്. ”ഭയപ്പെടുത്തിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം തട്ടുന്നത്. നിയമം ഒരിക്കലും വീഡിയോ കോളിലൂടെ ഡിജിറ്റല്‍ അറസ്റ്റ് നടപ്പാക്കില്ല. ഭയപ്പെടരുത് പണം അയക്കരുത് ഉടന്‍ പോലീസിനെ അറിയിക്കുക.’

Tags: Kasaragod cyber crime, digital arrest scam, digital arrest fraud, Kasaragod doctor scam, Neeleswaram doctor, cyber fraud Kerala, cyber crime Kerala, Rs 1.19 crore fraud, online scam Kerala, fake police officers, WhatsApp video call scam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക