 
                    ഖത്തറിലെ പ്രമുഖ ക്ലബ്ബുകള്‍ കൊമ്പുകോര്‍ക്കുന്ന ഖത്തര്‍ സ്റ്റാര്‍ ലീഗില്‍ ഒരു മലയാളി ആദ്യമായി വല കുലുക്കി. അല്‍ ദുഹൈല്‍ ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ കണ്ണൂര്‍ സ്വദേശിയായ തഹ്‌സീന്‍ മുഹമ്മദാണ് ആ ചരിത്ര ഗോളിന് അവകാശി.
|  | 
 | 
അല്‍ ഷമാലിനെതിരെ നടന്ന മത്സരത്തിന്റെ 41-ാം മിനുറ്റിലാണ് തഹ്‌സീന്‍ ഗോള്‍ നേടിയത്. കോര്‍ണറില്‍ ലഭിച്ച പന്ത് സഹതാരമായ ക്രിസ്റ്റോഫ് പിയാറ്റെക് ഹെഡ് ചെയ്തു. നേരെ പോസ്റ്റിന് തൊട്ടുമുന്നില്‍ നില്‍ക്കുന്ന തഹ്‌സീന്റെ കാലിലേക്ക്. തഹ്‌സീന്‍ ഉന്നം പിഴയ്ക്കാതെ പന്ത് വലയില്‍ എത്തിക്കുകയും ചെയ്തു.
ALSO READ: ഇനി ഖത്തറില്‍ നിന്ന് സൗദിയിലേക്ക് മരുഭൂമിയുടെ സൗന്ദര്യമാസ്വദിച്ച് ട്രെയ്‌നില്‍ യാത്ര ചെയ്യാം
ശനിയാഴ്ച വൈകിട്ട് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് അല്‍ ദുഹൈല്‍ എതിരാളികളെ പരാജയപ്പെടുത്തി. ആദ്യം ഗോള്‍ നേടിയതും രണ്ടാം ഗോളിന് വഴിയൊരുക്കിയ പിയാറ്റെക്കാണ്.
മലയാളിയാണെങ്കിലും ജനിച്ച മണ്ണായ ഖത്തര്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന തഹ്‌സീന്‍ 2026 ലോകകപ്പ് കളിക്കാനും സാധ്യതയേറി. ഖത്തര്‍ യു എ ഇയെ തോല്‍പ്പിച്ച് ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുമ്പോള്‍ പകരക്കാരുടെ ബെഞ്ചില്‍ ആഹ്ലാദം പങ്കിടുന്നതില്‍ താരവും ഉണ്ടായിരുന്നു.
2024ല്‍ യോഗ്യത മത്സരത്തില്‍ അഫ്ഗാനിസ്ഥാനിന് എതിരെ ബൂട്ട് കെട്ടിയാണ് ദേശീയ ടീമിന് വേണ്ടി തഹ്‌സീന്‍ അരങ്ങേറ്റം കുറിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനുവേണ്ടി ബൂട്ട് കെട്ടി നാഷണല്‍ ടീമിന്റെ ക്യാമ്പു വരെ എത്തിയ ജംഷീദാണ് താരത്തിന്റെ പിതാവ്. പരിക്ക് വില്ലന്‍ ആയപ്പോള്‍ ഫുട്‌ബോള്‍ മൈതാനം മതിയാക്കി പ്രവാസ ലോകത്തേക്ക് കടന്നതാണ് ജംഷീദ്.
 
                                 
                            

 
                                 
                                 
                                
 
                                     
                                     
                                     
                         
                        
 
                         
                        
 
                         
                         
                        