22
Nov 2023
Mon
22 Nov 2023 Mon

മലേഷ്യയില്‍ പോകാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്വാലാലംപൂര്‍: ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടുത്തമാസം ഒന്നു മുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ എന്‍ട്രി വിസ ആവശ്യമില്ല. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ആണ് ഇക്കാര്യം പഖ്യാപിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാമെന്നും എങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷാ സ്‌ക്രീനിംഗിന് വിധേയരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല ചൈനീസ് പൗരന്മാര്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ വിസ രഹിത പ്രവേശനം അനുവദിക്കും. ഇന്നലെ പുത്രജയയില്‍ നടന്ന പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഗ്രസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത വര്‍ഷം വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ അന്‍വര്‍ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി തായ്‌ലന്‍ഡും ശ്രീലങ്കയും അടുത്തിടെ വിസ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. തായ്‌ലന്റില്‍ 30 ദിവസമാണ് വിസയില്ലാതെ തങ്ങാനാവുക. ഈ അനുകൂല നയം അടുത്ത വര്‍ഷം മെയ് 10 വരെ നീണ്ടുനില്‍ക്കും.

2022ല്‍ 965,994 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാനെത്തിയത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ഈ എണ്ണം 1,302,483 ഇന്ത്യന്‍ വിനോദസഞ്ചാരികളായി ഉയര്‍ന്നു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 2024 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന വിസ രഹിത എന്‍ട്രി പ്രോഗ്രാം ഒക്ടോബറില്‍ ശ്രീലങ്കയും ആരംഭിച്ചിരുന്നു.