എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിന് തിരുത്തിയ മാര്‍ക്ക് ലിസ്റ്റ് സഹിതം അപേക്ഷയുമായെത്തിയ 51കാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കൂര്‍ക്കാശ്ശേരി ശക്തന്‍ നഗറില്‍ സനില്‍ ജോസ് ആണ് പിടിയിലായത്. സാങ്കേതിക പരീക്ഷാ ജോയിന്റ് കണ്‍ട്രോളര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
|
യഥാര്‍ഥത്തില്‍ ഇയാള്‍ എന്‍ജിനീയറിങ് പരീക്ഷ പാസായിട്ടില്ല. എന്നാല്‍ മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം നടത്തുകയും ഇത് കൈമനത്തുള്ള സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസില്‍ സമര്‍പ്പിച്ച് എന്‍ജിനീയറിങ് പാസായതിന്റെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനായിരുന്നു സനിലിന്റെ പദ്ധതി.
എന്‍ജിനീയറിങ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് ഇയാള്‍ ആദ്യം അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി മറ്റ് അനുബന്ധ രേഖകള്‍ സനില്‍ ജോസ് ഓഫിസില്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ സമര്‍പ്പിച്ച രേഖകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. സാങ്കേതിക പരീക്ഷാ ജോയിന്റ് കണ്‍ട്രോളര്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരമന പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ALSO READ: സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി


