08
Sep 2026
Tue
08 Sep 2026 Tue
Gifted Manipuri guitarist beaten to death

ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പ്രമുഖ മണിപ്പൂരി ഗിത്താറിസ്റ്റും അധ്യാപകനുമായ ചോങ്തം വിക്രം സിംഗ് (55) ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി വീടിന് മുന്നിലുണ്ടായ അക്രമസംഭവങ്ങള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എട്ടംഗ സംഘം ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാത്രി 11 മണിയോടെ വിക്രം സിംഗിന്റെ വീടിന് മുന്നില്‍ മദ്യപിച്ചെത്തിയ ഒരു സംഘം ബഹളമുണ്ടാക്കിയിരുന്നു. ഇത് തടയാനായി താഴേക്ക് ഇറങ്ങിച്ചെന്ന വിക്രം സിംഗിനെ സംഘം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.

ALSO READ: എസ്‌ഐആറില്‍ പത്മശ്രീ ജേതാവിനും കുരുക്ക്: ഹരേക്കല ഹജബ്ബയ്ക്ക് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിക്രം സിംഗ്, സ്വന്തമായി മ്യൂസിക് സ്‌കൂള്‍ നടത്തുകയും ഡല്‍ഹി സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മാമേ ഖാനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സംഗീത പരിപാടികളുടെ ഭാഗമായിട്ടുണ്ട്. ബി.എ.എഫ്.ടി.എ (BAFTA) പുരസ്‌കാരം നേടിയ ‘ബൂംഗ്’ എന്ന ചിത്രത്തിന്റെ സംവിധായിക ലക്ഷ്മിപ്രിയ ദേവിയുടെ ബന്ധുകൂടിയാണ് ഇദ്ദേഹം.

സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകളും ബന്ധുക്കളും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഭാര്യയും നിയമവിദ്യാര്‍ത്ഥിയായ മകനും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Tags: Chongtham Vikram Singh, Manipur News, Delhi Crime News, Delhi Police, Mame Khan, Holy Family Hospital, Artist Attack Delhi

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക