29
Dec 2023
Sat
29 Dec 2023 Sat

മഞ്ചേരി വാഹനാപകടം: പോസ്റ്റ് മോര്‍ട്ടം ഇന്ന്; ഡ്രൈവര്‍ കസ്റ്റഡിയില്‍, അപകടസ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേരി: മലപ്പുറത്തെ മഞ്ചേരിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിയോടെ മഞ്ചേരി മെഡിക്കല്‍ കോളജിലാണ് നടപടികള്‍ ആരംഭിക്കുക. ഉച്ചയ്ക്കുശേഷമായിരിക്കും ഖബറടക്കം. അപകടം വരുത്തിയ ബസിന്റെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്. അപകടകാരണത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തും.

അതേസമയം, സംഭവം നടന്ന ചെട്ടിയങ്ങാടിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. സ്ഥലത്ത് ഡിവൈഡര്‍ ഇല്ലാത്തതാണ് ഇവിടെ അപകടങ്ങള്‍ പതിവാകാന്‍ കാരണമെന്നും ഡിവൈഡര്‍ വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അത് വയ്ക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപരോധം. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുന്നതിനാല്‍ ഇതുവഴി ഗതാഗതം സ്തംഭിച്ചു.

ഇന്നലെ വൈകീട്ടാണ് മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുകുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചത്. ഓട്ടോ ഡ്രൈവര്‍ നാണി എന്നുവിളിക്കുന്ന അബ്ദുല്‍ മജീദ്, കുടുംബാംഗങ്ങളായ മുഹ്‌സിന, സഹോദരി തസ്‌നീമ, മക്കളായ ഏഴുവയസ്സുകാരി മോളി, മൂന്നുവയസുകാരി റൈസ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഇന്ന് മജീദിന്റെ മകളുടെ നിക്കാഹ് നടക്കാനിരിക്കെയാണ് ഇന്നലത്തെ അപകടമരണം. റോഡില്‍ മറ്റൊരു കാര്‍ വരുന്നത് കണ്ട് പെട്ടെന്ന് വെട്ടിച്ച ഓട്ടോയില്‍ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശബരിമലയില്‍ പോയി മടങ്ങുകയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.