25
Mar 2023
Thu
25 Mar 2023 Thu

ആലപ്പുഴ: ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടർന്ന് പുതുതായി 14 സി പി എം അംഗങ്ങളാണ് പാർട്ടി വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവൻ അംഗങ്ങളും രാജി നൽകി. രാജി നൽകിയവരിൽ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിർന്ന പാർട്ടി അംഗങ്ങളും ഉൾപ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേർ പാർട്ടി ഏരിയാ ജില്ലാ നേതൃത്വങ്ങൾക്ക് നേരത്തേ രാജി നൽകിയിരുന്നു.

ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്‌നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് കൂടുതൽ പ്രവർത്തകരുടെ രാജി എന്നത് ശ്രദ്ധേയം.

എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉണ്ടാവുന്നത് ഈ മാസം ആദ്യവാരത്തോടെയാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടർന്ന് 38 പാർട്ടി അംഗങ്ങൾ അന്ന് കൂട്ടത്തോടെ രാജി വെക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളിയാണ് എസ്ഡിപിഐ നേതാവെന്ന് രാജിക്കത്ത് നൽകിയവർ അന്ന് ആരോപിച്ചിരുന്നു.