10
Oct 2026
Sat
10 Oct 2026 Sat

കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മാനസികാരോഗ്യ ബോധവൽക്കരണവും സാമൂഹിക ഉത്തരവാദിത്വവും ലക്ഷ്യമിട്ട് ‘മൈൻഡ്ഫുൾ വേവ്സ് 2026’ സംഘടിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച രാവിലെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന പരിപാടി ഏഷ്യൻ കൗൺസിൽ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിന്റെ (ACMHANS) നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ, കവി പി.എ. നാസിമുദ്ദീൻ, ACMHANS ചെയർമാൻ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട് എന്നിവർ ചേർന്ന് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പങ്കെടുത്തവർ ആകാശത്തേക്ക് ഹീലിയം ബലൂണുകൾ ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

മാനസിക പ്രയാസങ്ങൾ നേരിടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരെയും ലഹരിക്ക് അടിമപ്പെടുന്നവരെയും സമൂഹത്തിൽ ഒറ്റപ്പെടുന്നവരെയും കേൾക്കാനും ആശ്വസിപ്പിക്കാനും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വം ഉറപ്പാക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. മാനസികാരോഗ്യ മേഖലയിൽ പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിനും ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനും പ്രാധാന്യം നൽകി.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ മേഖലയിലെ എൻജിഒയായ ACMHANS, ‘ഏവർക്കും മാനസികാരോഗ്യം’ എന്ന മുദ്രാവാക്യവുമായി വിവിധ സർക്കാർ, സർക്കാരിതര സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിദഗ്ധരുടെ സഹായത്തോടെ വിവിധ പദ്ധതികളും സംഘടന ആവിഷ്കരിക്കുന്നുണ്ട്.

മാനസികാരോഗ്യ മേഖലയിലെ വിദ്യാർഥികളെയും പ്രൊഫഷണലുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കൂട്ടായ്മ രൂപപ്പെടുത്തുക എന്നതും പരിപാടിയുടെ പ്രധാന ലക്ഷ്യമാണ്. മനഃശാസ്ത്ര, മനോരോഗ ചികിത്സാ മേഖലകളിലെ വിദ്യാർഥികൾക്കും വിദഗ്ധർക്കും അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും മുതിർന്ന പ്രൊഫഷണലുകളുടെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് കൈമാറാനും ഇതിലൂടെ അവസരമൊരുങ്ങും.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരിലേക്ക് മാനസികാരോഗ്യ അവബോധവും ചികിത്സാ സേവനങ്ങളും എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ കൂട്ടായ്മയെന്ന് സംഘാടകർ വ്യക്തമാക്കി.

രാവിലെ എട്ടിന് ആരംഭിച്ച പരിപാടി പതിനൊന്നോടെ സമാപിച്ചു. സമാപനത്തിൽ പങ്കെടുത്ത എല്ലാവരും മാനസികാരോഗ്യ മേഖലയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക