01
Apr 2023
Fri
01 Apr 2023 Fri

ബംഗളൂരു: ക്രിസ്ത്യൻമതവിഭാഗത്തിനെതിരേ ചാനൽപരിപാടിയിൽ നടത്തിയ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളെത്തുടർന്ന് കർണാടക മന്ത്രി മുനിരത്നയുടെ പേരിൽ കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, സാമുദായികസ്പർധ വളർത്തൽ എന്നിവയുൾപ്പെടെയുള്ള കുറ്റംചുമത്തിയാണ് രാജരാജേശ്വരി നഗർ പോലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചേരിപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരെ മതംമാറ്റുകയാണെന്നും മതംമാറ്റാനെത്തുന്നവരെ അടിച്ചോടിക്കുകയോ പോലീസിൽ പരാതിനൽകുകയോ ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഈ നിമിഷത്തിലും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ചേരികളിൽ ധാരാളമായി മതംമാറ്റം നടക്കുന്നുണ്ട്. 1400 ആളുകൾ ഉള്ള സ്ഥലത്ത് 400 പേരെയും മതംമാറ്റി. ഇനി അവർ വരുമ്പോൾ ഒന്നുകിൽ അവരെ അടിച്ചിറക്കുകയോ പോലീസിൽ പരാതിപ്പെടുകയോ ചെയ്യണം- എന്നിങ്ങനൊയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കഴിഞ്ഞമാസം 31-നായിരുന്നു വിവാദപരാമർശം. മുനിരത്ന രാജരാജേശ്വരി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ കേസിൽപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് മുനിരത്ന. നേരത്തേ മന്ത്രി ശശികല ജോലെയുടെ പേരിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരുന്നു.

മന്ത്രിക്കെതിരേ വ്യാപക വിമർശനങ്ങളാണുയർന്നത്. മന്ത്രിക്കെതിരേ നടപടിസ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയർന്നതോടെയാണ് കേസെടുത്തത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക