തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ മൂന്നു വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കും.
|
തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയും കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞദിവസം സ്‌കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി.
കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂരിനിന്ന് കാണാതായ കുട്ടികളാണ് തിരിച്ചറിഞ്ഞു. കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് പൊലിസ് പറഞ്ഞു.





