22
Apr 2025
Wed
22 Apr 2025 Wed
Missing woman and two children reached Delhi

കോഴിക്കോട് നാദാപുരം വളയം ചെറുമോത്തുനിന്നു കാണാതായ യുവതിയും രണ്ട് മക്കളും ഡല്‍ഹിയില്‍ എത്തി. ചെറുമോത്ത് കുറുങ്ങോട്ട് ഹൗസില്‍ ആഷിത(29), മക്കളായ മെഹ്റ ഫാത്തിമ (10), ലുക്ക്മാന്‍ (5) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായത്. വസ്ത്രങ്ങള്‍ വാങ്ങാനെന്നു പറഞ്ഞ് ആഷിത മക്കളെയും കൂട്ടി സ്‌കൂട്ടറില്‍ വളയത്തെ ഭര്‍തൃവീട്ടില്‍നിന്ന് പോയശേഷം കാണാതാവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂവരും തിരിച്ചത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ യുവതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തി. വടകരയില്‍നിന്ന് ട്രെയിനില്‍ കയറിപ്പോയ മൂവരും ബംഗളൂരുവില്‍ എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി.

ബംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോവുന്നതും കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കയറുന്ന ദൃശ്യങ്ങളും അന്വേഷ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും മറ്റും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഖത്തറിലെ ജോലി സ്ഥലത്തു നിന്നു യുവതിയുടെ ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. വളയം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക