28
Apr 2023
Tue
28 Apr 2023 Tue

തൃശ്ശൂർ: ബസ് സ്റ്റോപ്പിൽ സംസാരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും സദാചാര പോലീസ് ചമഞ്ഞ് മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശികളായ കിളവൻപറമ്പിൽ വീട്ടിൽ കൊച്ചുമോൻ (68), നെല്ലിപ്പറമ്പിൽ സുജിത് (41), നെല്ലിപ്പറമ്പിൽ സുനിൽ (52) എന്നിവരെയാണ് നെടുപുഴ എസ്.ഐ. ടി.ജി ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരം ആൽത്തറ ജങ്ഷനിലെ ബസ് സ്റ്റോപ്പിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി മർദിക്കുകയും യുവതിയുടെ മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസ് കാത്തുനിന്ന ഇരുവരെയും സമീപത്ത് ചിക്കൻകട നടത്തുന്ന കൊച്ചുമോൻ ഭീഷണിപ്പെടുത്തി. യുവാവ് പ്രതികരിച്ചപ്പോൾ കൊച്ചുമോൻ ഹോട്ടൽ നടത്തുന്ന സുജിത്തിനെയും സുഹൃത്ത് സുനിലിനെയും കൂട്ടിക്കൊണ്ടുവന്ന് യുവാവിനെയും യുവതിയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചു.

വടികൊണ്ടുള്ള അടിയേറ്റ ഇരുവർക്കും പരിക്കേറ്റു. പ്രതികളിലൊരാൾ യുവതിയുടെ കൈ പിടിച്ച് തിരിക്കുകയും അപമാനിക്കുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരമാണ് പ്രതികളെ പിടികൂടിയത്.