|
റിയാദ്: വിശുദ്ധ റമദാനിലെ ആദ്യ ആഴ്ചയിൽ സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന. ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 23 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ 10,809 നിയമ ലംഘകരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,407 നിയമ ലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 9,609 പേർ ഇഖാമ നിയമ ലംഘകരും 4,561 പേർ നുഴഞ്ഞുകയറ്റക്കാരും 2,237 പേർ തൊഴിൽ നിയമ ലംഘകരുമാണ്.
ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,086 പേരും അറസ്റ്റിലായി. ഇതിൽ 22 ശതമാനം പേർ യെമനികളും 74 ശതമാനം പേർ എത്യോപ്യക്കാരും ആറു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 64 പേരെ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ അഞ്ചു പേരും അറസ്റ്റിലായി.വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 14,327 നിയമ ലംഘകർക്കെതിരെ നിലവിൽ നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 1,773 പേർ വനിതകളും 12,554 പേർ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 6,251 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





