ക്ഷേത്രങ്ങൾക്കു സമീപമുള്ള മസ്ജിദുകളെല്ലാം വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. എവിടെയെല്ലാം ക്ഷേത്രങ്ങൾക്കു സമീപം മസ്ജിദുകളുണ്ടോ അവയെല്ലാം സ്വമേധയാ ക്ഷേത്രങ്ങളുടെ അടുത്തുനിന്ന് മാറ്റിസ്ഥാപിക്കണം. രാമക്ഷേത്രസ്ഥലത്ത് നിന്നു പള്ളി മറ്റൊരിടത്തു മാറ്റിനിർമിക്കുന്നതു പോലെ മറ്റിടങ്ങളിലും ചെയ്യണമെന്നും സഞ്ജയ് നിഷാദ് വ്യക്തമാക്കി.
|
ക്ഷേത്രങ്ങൾ മാറ്റേണ്ടതില്ല. ഇന്ത്യൻ സംസ്കാരങ്ങളിലെ മറ്റ് മതങ്ങൾക്ക് അവർക്കിഷ്ടമുള്ളിടത്ത് അവരുടെ ആരാധനാലയങ്ങൾ നിർമിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിഷാദ് പാർട്ടി പ്രസിഡന്റായ സഞ്ജയ് നിഷാദ് ഫിഷറീസ് വകുപ്പാണ് സർക്കാരിൽ കൈകാര്യം ചെയ്യുന്നത്. ബിജെപിക്കൊപ്പം 2022 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച നിഷാദ് പാർട്ടിക്ക് ആറു സീറ്റുകളാണ് ലഭിച്ചത്.
സംസ്ഥാനത്തെ മദ്റസകളെക്കുറിച്ച് സർവേ നടത്താനുള്ള സർക്കാർ തീരുമാനത്തെ സഞ്ജയ് സ്വാഗതം ചെയ്യുകയും ചെയ്തു. ഭീകരവാദികൾക്കും ക്രിമിനലുകൾക്കും മദ്റസകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുപിയെ കലാപമുക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുകയാണെന്നും സഞ്ജയ് നിഷാദ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.



