25
Feb 2024
Tue
25 Feb 2024 Tue
mujahid 10th state conference at karippur

കരിപ്പൂര്‍: കേരളത്തിലെ ഇസ്ലാഹീ നവോത്ഥാന ചരിത്രത്തില്‍ പുത്തനധ്യായം എഴുതിച്ചേര്‍ക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം അടുത്ത വ്യാഴാഴ്ച കരിപ്പൂര്‍ വെളിച്ചം നഗറില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ പണ്ഡിതന്മാരും നേതാക്കളും ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനം നാലുദിവസം നീണ്ടുനില്‍ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോക പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ആഗോള പണ്ഡിത സഭാംഗവുമായ അശൈഖ് സല്‍മാന്‍ അല്‍ ഹുസൈനി അന്നദ് വി വ്യാഴാഴ്ച ഉച്ചക്ക് 3.30ന് സമ്മേളന ത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി (ബാവഹാജി) അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എളമരം കരീം എം പി, പത്മശ്രീ ഡോ.ബി രവി പിള്ള, പരോക്ഷ മാര്‍ഗ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ ആത്മാദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, ജെയിന്‍ ടെമ്പിള്‍ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകന്‍ ആചാര്യ പവിത്രന്‍, കാലിക്കറ്റ് പാര്‍സി അന്‍ജുമന്‍ പ്രസിഡന്റ് സുബിന്‍ മാര്‍ഷല്‍ പ്രസംഗിക്കും. സമ്മേളന സുവനീര്‍ ടി വി ഇബ്‌റാഹീം എം എല്‍ എ പ്രകാശനം ചെയ്യും. പിടിഎ റഹീം എം എല്‍ എ, ഡോ. പി മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നിര്‍വഹിക്കും. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരിയെ ആദരിക്കും.

തുടര്‍ന്ന് ദി ഐഡിയ ഓഫ് ഇന്ത്യ പ്രോഗ്രാം നടക്കും. പ്രമുഖ പത്ര പ്രവര്‍ത്തകരായ കെ പി ശശികുമാറും ഷാജഹാന്‍ മാടമ്പാട്ടും അഭിമുഖം നടത്തും. വെകിട്ട് 7.45ന് മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ ഡയലോഗ് നടക്കും. കെ എന്‍ എം മര്‍കസുദ്ദഅവ വൈസ്. പ്രസിഡണ്ട് അഡ്വ. പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിക്കും. എം പി അബ്ദുസ്സമദ് സമദാനി എം പി, ബിനോയ് വിശ്വം എംപി, ജോണ്‍ ബ്രിട്ടാസ് എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എ പി അനില്‍ കുമാര്‍ എം എല്‍ എ, സി എം മൗലവി ആലുവ പങ്കെടുക്കും. ടി ടി ഇസ്മായില്‍, അഡ്വ.പി എം നിയാസ്, അഡ്വ. എം മൊയ്തീന്‍കുട്ടി പുസ്തക പ്രകാശനം നടത്തും.

ഡോ. ഇ.കെ അഹ്‌മദ് കുട്ടി, സി.പി. ഉമര്‍ സുല്ലമി, പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി, കെ.എല്‍.പി യൂസുഫ്, പ്രഫ. കെ.പി സ കരിയ്യ, എന്‍. എം ജലീല്‍, ഡോ. അനസ് കടലുണ്ടി, ബി.പി.എ ഗഫൂര്‍, സഹല്‍ മുട്ടില്‍, സല്‍മ അന്‍വാരിയ്യ, എം.ടി മനാഫ്, ജസീം സാജിദ്, ഫാത്വിമ ഹിബ, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.