22
Aug 2023
Wed
22 Aug 2023 Wed

ജിദ്ദ: വിശ്വമാനവികതയുടെ മഹിത സന്ദേശവുമായി പത്താമത്
മുജാഹിദ് സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിലായി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കരിപ്പൂരിൽ നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസ്ഥാനത്തിന്റെ വാർഷിക മഹാ സമ്മേളനങ്ങൾ അഞ്ച് വർഷത്തിലൊരിക്കൽ വിപുലമായി സംഘടിപ്പിക്കാറുണ്ട്.സ്ത്രീകളും കുട്ടികളുമടക്കം മൂന്ന് ലക്ഷത്തോളം പേർ നാല് ദിവസങ്ങളിലായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തിന് വേണ്ടി കരിപ്പൂരിലെ വിശാലമായ മുപ്പത് ഏക്കർ വയലിലാണ് പന്തലൊരുക്കുന്നത്.

”വിശ്വമാനവികതക്ക് വേദ വെളിച്ചം” എന്ന മാനവ ഐക്യത്തിന്റെ സന്ദേശമാണ് സമ്മേളനം മുന്നോട്ട് വെക്കുന്നത്. ഇത് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് കരുത്തു പകരുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസ്തുത സമ്മേളനത്തിന്റെ സൗദി ദേശീയ തല പ്രചാരണോദ്ഘാടനം സെപ്റ്റംബർ 01 നു ജിദ്ദയിൽ വെച്ച് നടക്കും .
ഡോ . ജമാലുദ്ധീൻ ഫാറൂഖി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി ജാബിർ അമാനി പ്രമേയ വിശദീകരണം നടത്തും . ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ചരിത്രപരമായ പങ്ക് വഹിച്ച മുജാഹിദ് പ്രസ്ഥാനം
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്,ഇ മൊയ്തു മൊയ്തു മൗലവി, കെ.എം സീതീ സാഹിബ് തുടങ്ങിയ സ്വാതന്ത്ര്യ സമര നായകരും വക്കം മൗലവി, സയ്യിദ് സനാഉല്ല മക്തി തങ്ങൾ, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, ഹമദാനി തങ്ങൾ , കെ.എം മൗലവി തുടങ്ങിയ സമുദായ പരിഷ്കർത്താക്കളും തുടക്കം കുറിച്ചതാണ്. കേരള മുസ്ലിം ഐക്യസംഘം എന്ന നവോത്ഥാന സംരംഭത്തിന്റെ പിൻമുറക്കാരുകൂടിയാണ് മുജാഹിദ് പ്രസ്ഥാനം. വൈജ്ഞാനിക മുന്നേററത്തിലൂടെ കേരളീയ മുസ്ലിംകളെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കാനും പ്രസ്ഥാനത്തിന് ആയിട്ടുണ്ട്.

കെ.കേളപ്പന്റെയും കെ.പി.കേശവ മേനോന്റേയും മാധവൻ നായരുടെയുമൊക്കെ തോളോടുതോള് ചേർന്ന് കേരളീയ പരിസരത്തിൽ മത സൗഹാർദ്ദത്തിന്റെയും സഹവർത്തിത്തത്തിന്റെയും പാത വെട്ടിത്തെളിച്ചവരാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പൂർവകാല നേതാക്കളെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.

ജിദ്ദയിലെ ദേശീയ ഉദ്‌ഘാടനത്തിന് ശേഷം സൗദിയുടെ മധ്യ മേഖല തലത്തിലും കിഴക്കൻ മേഖലയിലും പ്രചാരണ ഉദ്‌ഘാടനങ്ങൾ സംഘടിപ്പിക്കും. സൗദിയുടെ വിവിധ ഏരിയകളിൽ ‘മുന്നൊരുക്കം’ എന്ന പേരിൽ പ്രവർത്തക സംഗമവും മറ്റു പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.

ജാബിർ അമാനി സെക്രട്ടറി കെ എൻ എം മർകസുദ്ദഅവ,സലാഹ് കാരാടൻ ചെയർമാൻ
സമ്മേളന സ്വാഗതസംഘം സൗദി അറേബ്യ,
അബ്ദുൽ ഗഫൂർ വളപ്പൻ ചെയർമാൻ
പ്രോഗ്രാം കമ്മിറ്റി, ജരീർ വേങ്ങര സെക്രട്ടറി
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കമ്മിറ്റി എന്നിവർ ജിദ്ദയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.