24
Jan 2026
Sat
24 Jan 2026 Sat
tripura fire

ത്രിപുരയിലെ ഫതക്രോയിയില്‍ മുസ്ലിം വീടുകളും കടകളും പള്ളിയും ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കി. വരാനിരിക്കുന്ന ഒരു ഹൈന്ദവ മത സമ്മേളനത്തിന് ഫണ്ട് ശേഖരിക്കുന്നതിനിടെയാണ് സെയ്ദര്‍പാറ-ഷിമുല്‍ത്തല, കുമാര്‍ഘട്ട് മേഖലകളില്‍ അക്രമം അഴിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും അവര്‍ കാഴ്ച്ചക്കാരായി നിന്നതായി നാട്ടുകാര്‍ ആരോപിച്ചു. പലര്‍ക്കും വീടും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിയും പ്രാദേശിക എം.എല്‍.എയുമായ സുധാംശു ദാസ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ് ആക്രമണം നടന്നത്. ഇത് ഭരണപരമായ പരാജയമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍, ജില്ലാ ഭരണകൂടമോ പോലീസോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

‘അവര്‍ ഞങ്ങളുടെ പ്രദേശം ആക്രമിക്കുകയും പള്ളിക്കും വീടുകള്‍ക്കും കടകള്‍ക്കും തീയിടുകയും ചെയ്തു. പോലീസ് അവിടെ ഉണ്ടായിരുന്നു, പക്ഷേ അത് തടയാന്‍ അവര്‍ ഒന്നും ചെയ്തില്ല,’ സെയ്ദര്‍പാറ-ഷിമുല്‍ത്തല മേഖലയില്‍ നിന്നുള്ള ഒരു ദൃക്സാക്ഷി മക്തുബിനോട് പറഞ്ഞു. ‘ഞങ്ങള്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടാണോ ശിക്ഷിക്കപ്പെടുന്നത് എന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഒരു ന്യൂനപക്ഷമായതുകൊണ്ട് ഈ രാജ്യത്ത് സംരക്ഷണത്തിനോ നീതിക്കോ ഞങ്ങള്‍ക്ക് അര്‍ഹതയില്ലേ?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകള്‍ സഭ വിട്ടു; എട്ടുവര്‍ഷമായി കൈകാലുകള്‍ കെട്ടപ്പെട്ട ജീവിതമാണ് തന്റേതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയുടെ വെളിപ്പെടുത്തല്‍

സംഭാവന ആവശ്യപ്പെട്ടതാണ് ഇങ്ങനെയൊരു ക്രൂരമായ ആക്രമണത്തിലേക്കും തീവെപ്പിലേക്കും നീങ്ങിയെന്ന് അക്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മസേബീര്‍ അലി പറഞ്ഞു. അലിയുടെ കടയിലെത്തിയ അക്രമികള്‍ ‘ചന്ദ’ (സംഭാവന) ആവശ്യപ്പെടുകയായിരുന്നു.

‘അവര്‍ സംഭാവന ചോദിച്ചാണ് വന്നത്,’ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നേരത്തെ പണം നല്‍കിയിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ നല്‍കാന്‍ കഴിയുമെന്നും ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല, ആ നിമിഷം തന്നെ പണം വേണമെന്ന് നിര്‍ബന്ധിച്ചു. തുടര്‍ന്ന് അവര്‍ എന്നെ മര്‍ദിക്കാന്‍ തുടങ്ങി.’ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തന്നെ ക്രൂരമായി പരിക്കേല്‍പ്പിച്ചുവെന്ന് അലി പറഞ്ഞു.

ആക്രമണം അവിടെയും അവസാനിച്ചില്ല. ‘ആക്രമണത്തിന് ശേഷം എന്നെ ആശുപത്രിയിലേക്ക് മാറ്റി. അവര്‍ എന്റെ വീട്ടില്‍ പോയി തീയിട്ടു,’ അലി പറഞ്ഞു. അദ്ദേഹത്തിന്റെ ട്രാക്ടറും കൃഷി ഉപകരണങ്ങളും കത്തിനശിച്ചു. വീടിന് തീയിടുമ്പോള്‍ പോലീസ് അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ ഇടപെട്ടില്ലെന്നും അലി ആരോപിച്ചു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയത്. അതിനുശേഷം മാത്രമാണ് വെടിവെപ്പ് നടന്നത്, അപ്പോഴേക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

താന്‍ ഒരു ഇന്ത്യന്‍ പൗരനാണെന്നും നീതിയും നിഷ്പക്ഷമായ അന്വേഷണവുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അലി പറഞ്ഞു. കുമാര്‍ഘട്ട് പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.

മതപരമായ സംഭാവനകളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പ്രദേശവാസിയും സമുദായ നേതാവുമായ മൗലാന അബ്ദുള്‍ മാലിക് പറഞ്ഞു. ഒരു ക്ഷേത്ര ക്ലബ്ബിലെ അംഗങ്ങള്‍ സംഭാവന ആവശ്യപ്പെട്ടപ്പോള്‍, പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

അഞ്ച്-ആറ് വീടുകള്‍ക്കും മുസ്ലീം കടകള്‍ക്കും സെയ്ദൂര്‍ പാറ പള്ളിക്കും അവര്‍ തീയിട്ടതായി മാലിക് പറഞ്ഞു. ശ്മശാനങ്ങളും ബൈക്കുകളും കാറുകളും ട്രാക്ടറും നശിപ്പിക്കപ്പെട്ടു. പോലീസിന്റെ മുന്നില്‍ വെച്ചാണ് മോട്ടോര്‍ സൈക്കിളുകള്‍ കത്തിച്ചതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.