ഫലസ്തീന്‍ വിഷയത്തില്‍ CPMന്റെ റാലിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം; തീരുമാനം നാളെയെന്ന് സലാം
|
കോഴിക്കോട്: ഫലസ്തീന്‍ വിഷയത്തില്‍ സി.പിഎം സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം. പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് ലീഗ് ദേശീയ വക്താവ് ഇടി മുഹമ്മദ് ബഷീര്‍ എം.പി ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ലീഗ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അഭിപ്രായപ്പെട്ടു. ഇതോടെയാണ് ഇക്കാര്യത്തില്‍ ലീഗില്‍ തര്‍ക്കം രൂപപ്പെട്ടത്. സിപിഎം പരിപാടികളുമായി സഹകരിക്കുന്ന സമസ്തയെ വിമര്‍ശിക്കുന്ന ലീഗ് തന്നെ, സിപിഎമ്മുമായി സഹകരിക്കുന്നതിലെ അനൗചിത്യമാണ് ചര്‍ച്ചയായത്.
പാര്‍ട്ടിക്ക് ക്ഷണം ലഭിച്ചതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കണോ എന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമായി സലാം ചര്‍ച്ച നടത്തും. ഇതിനു ശേഷമാകും ലീഗ് തീരുമാനം പ്രഖ്യാപിക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇടി മുഹമ്മദ് ബഷീറിന്റെ സമീപനം ശ്ലാഘനീയമാണെന്നാണ് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടു തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. അന്നും സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. യുഡിഎഫ് ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനിച്ച ഒരു കാര്യത്തിനെതിരായി എങ്ങനെ നിലപാട് സ്വീകരിക്കും എന്നതാണ് അന്ന് ലീഗ് ചോദിച്ചത്. ഇന്ന് ആ സമീപനത്തില്‍ നിന്നും കടകവിരുദ്ധമായി ശക്തമായ രാഷ്ട്രീയ തീരുമാനം മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുകയാണ്.
ഇതു കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. എന്നു മാത്രമല്ല, ലീഗ് എന്നത് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറ സഞ്ചി അല്ലെന്ന് പ്രകടമായി പ്രഖ്യാപിക്കുക കൂടിയാണ്. കോണ്‍ഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ മുസ്ലിം ലീഗ് തിരുത്തുകയാണെന്നും എകെ ബാലന്‍ പറഞ്ഞു.
അതേസമയം, സി.പി.എം റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് എം.കെ മുനീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





