23
Mar 2025
Tue
23 Mar 2025 Tue

കോഴിക്കോട്: അതി തീവ്ര വിദ്വേഷ പ്രസംഗം നടത്തുന്ന ബിജെപി നേതാവ് പിസി ജോർജിന് ചുട്ട മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ്. മിശ്ര വിവാഹം കുറ്റം ആണെങ്കിൽ ആദ്യം പിസി ജോർജ് സ്വന്തം മരുമകളെ ഹിന്ദു മതത്തിലേക്ക് ഘർവാപസി നടത്തണമെന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു പറഞ്ഞു. പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൻറെ പശ്ചാത്തലത്തിൽ ആണ് യൂത്ത് ലീഗ് നേതാവിൻ്റെ പ്രതികരണം. ജോർജിൻ്റെ മകൻ ഷോൺ ജോർജ് വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിൻ്റെ മകളെ ഹിന്ദു മതത്തിൽനിന്നു മാമോദീസ മുക്കി ക്രിസ്ത്യാനി ആക്കിയ ശേഷം ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിട്ടുമുണ്ട്. ഇതിന് പുറമെ ദിശ സംഘടന അംഗങ്ങളും പോലീസിൽ പരാതി നൽകി. നേരത്തെ യൂത്ത് കോൺഗ്രസും പോലീസിൽ പരാതി നൽകിയിരുന്നു.

 

ഫൈസൽ ബാബുവിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:

മീനച്ചിൽ താലൂക്കിൽ ലൗ-ജിഹാദ്; ആഴത്തിൽ സാമൂഹ്യ വിഭജനമുണ്ടാക്കുന്ന പിസി ജോർജിന്റെ വെറുപ്പ് വർത്തമാനം കേരള പോലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള പ്രത്യക്ഷ വകുപ്പുള്ളതാണ്. 

ഈരാറ്റുപേട്ട ഉൾപ്പെടെ പൂഞ്ഞാറും തീക്കോയിയും മേലുകാവുമൊക്കെ തൊട്ടു തൊട്ടു കിടക്കുന്ന മനുഷ്യ പാരസ്പര്യത്തിന്റെ സുന്ദരമായ പ്രദേശങ്ങളാണ്. അവിടെ വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുന്നത് എന്തായാലും കൃസ്ത്യൻ – മുസ്സിം സമുദായങ്ങൾക്ക് ഗുണം ചെയ്യില്ല. 

പിസി മുന്നിൽ നിന്ന് നടത്തുന്ന ഈ വിദ്വേഷ-കച്ചവടത്തിന്റെ ആത്യന്തിക ലാഭം വെറുപ്പിന്റെ വ്യാപാരികളായ ചില രാഷ്ട്രീയക്കാർക്ക് മാത്രമാണ്. ‘ലഹരിക്കെതിരെ’ ഉയർന്നു വരുന്ന ജനകീയ ജാഗ്രതാ സമിതികളുടെ അജണ്ടയുടെ ഒരനുബന്ധ ഇനമായി ‘വെറുപ്പിനെതിരെ’ എന്നതും ഉൾപ്പെടട്ടെ. 

മിശ്രവിവാഹം ഒരു കൊടുംഭീകര കുറ്റമാണെങ്കിൽ, അതേ തെറ്റിന്, അപ്പനായ പിസി സ്വന്തം മകനെ ശാസിച്ച്, മരുമകളെ ഘർവാപ്പസി നടത്താൻ ഒരുക്കമാണോ. 

അധികാരക്കൊതി മൂത്ത് ശവം തീനിയാകുന്ന മാനസികാവസ്ഥ, മനുഷ്യരുടെ ഏറ്റവും മ്ളേഛമായ നിലവാരമാണ്. അതിന് സമൂഹം വിലകൊടുക്കേണ്ടി വരുന്നതിനെ നവോത്ഥാന കേരളം എതിർത്ത് തോൽപ്പിക്കണം.

അഡ്വ. ഫൈസൽ ബാബു