പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്നും എന്നാലത് പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നും വിലയിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ആരോപണം ആദ്യം പാര്‍ട്ടിയിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നതെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.
|
അതേസമയം. ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് യോഗശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പരാതി ലഭിച്ചയുടന്‍ സുജിത് ദാസിനെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഭരണ തലത്തില്‍ പരിശോധന നടത്താനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഐഎം രീതി കോണ്‍ഗ്രസിലില്ല. സിമി റോസ്‌ബെല്ലിനെ കോണ്‍ഗ്രസ് പുറത്താക്കിയത് എന്ത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയില്ല. സ്ത്രീകള്‍ക്കെതിരേ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പേരില്‍ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആര്‍എസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. സുരേഷ് ഗോപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ്. വ്യാജ വാര്‍ത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ്. തൃശൂരില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ടിലാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. തൃശൂര്‍ പൂരം പോലീസിനെക്കൊണ്ട് അട്ടിമറിച്ച് സിപിഐഎം ബിജെപിക്ക് വിജയം സമ്മാനിച്ചുവെന്ന ആരോപണം ഉയരുകയും ഇത് കോണ്‍ഗ്രസ് ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ ആരോപണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





