|
പ്യോങ്യാങ്: രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് പരിഹരിക്കാനായി അമ്മമാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ച് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ കണ്ണുനീരൊഴുക്കി കൊണ്ടാണ് കിം സംസാരിച്ചത്. ഉത്തരകൊറിയ നേരിടുന്ന, ജനനനിരക്ക് കുറയുന്നപ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നതിനിടെയാണ് കിം വികാരാധീനനായത്.
രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നും കിം അഭ്യര്‍ത്ഥിച്ചു. പ്യോങ്‌യാങ്ങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മദേഴ്‌സില്‍ ആയിരുന്നു പ്രസംഗം. കിമ്മിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വികാരാധീനനായി മുഖം കുനിച്ചിരിക്കുന്ന കിം കയ്യിലുണ്ടായിരുന്ന ടവല്‍ കൊണ്ട് കണ്ണുനീര്‍ തുടക്കുന്നതാണ് വീഡിയോയില്‍. ജനനനിരക്കിലെ ഇടിവ് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം അമ്മമാരോടൊപ്പം നമ്മളും കൈകാര്യം ചെയ്യേണ്ട ഗൃഹപാലന ചുമതലകളാണെന്ന് കിം പറഞ്ഞു. ദേശീയ ശക്തിയെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ 2023ലെ കണക്കനുസരിച്ച് ഉത്തര കൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആയിരുന്നു. കഴിഞ്ഞ ദശകങ്ങള്‍ അപേക്ഷിച്ച് ഗണ്യമായ കുറവാണ് പ്രത്യുല്പാദന നിരക്കില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി കിം എത്തിയത്.





