13
Nov 2025
Thu
13 Nov 2025 Thu
shameema begum british citizen

ഐസിസില്‍ ചേര്‍ന്ന ചെറുപ്പക്കാരുടെ ഭാര്യമാരായും മറ്റും സിറിയയിലെത്തിയ പൗരന്മാരെ ബ്രിട്ടന്‍ തിരികെ കൊണ്ടു വരാനൊരുങ്ങുന്നു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്ന ഷമീമ ബീഗം ഉള്‍പ്പെടെയുള്ളവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്റെ തീവ്രവാദ നയങ്ങളുടെ പുനരവലോകന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2015 ല്‍ വെറും 15 വയസ്സുള്ളപ്പോള്‍ കിഴക്കന്‍ ലണ്ടനിലെ വീടുപേക്ഷിച്ച് സിറിയയിലേക്ക് കടന്നതാണ് ഷമീമ. എന്നാല്‍, മൂന്ന് വര്‍ഷത്തെ പുനരവലോകനത്തിന് ശേഷം ബ്രിട്ടന്റെ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ യു കെ കൗണ്ടര്‍ ടെററിസം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഇവരെയും, സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലുള്ള മറ്റു ബ്രിട്ടീഷുകാരെയും നാട്ടിലേക്ക് മടക്കി കൊണ്ടുവരണമെന്നാണ്.

ഗ്വണ്ടാനാമോ ബേ ജയിലിനെ അനുസ്മരിപ്പിക്കും വിധമുള്ള സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവരുടെ ജീവിതം കനത്ത ഭീഷണിയിലാണെന്നാണ് കമ്മിറ്റി നിരീക്ഷിച്ചത്. കേസ് ചാര്‍ജ്ജ് ചെയ്യാതെയും വിചാരണയില്ലാതെയും ബീഗം ഇവിടെ തടവില്‍ കഴിയുകയാണ്. മാത്രമല്ല, മനുഷ്യത്വ ഹീനവും, വൃത്തികെട്ടതുമായ സമീപനമാണ് ഈ ക്യാമ്പുകളില്‍ ഉള്ളതെന്നും അവര്‍ വിലയിരുത്തുന്നു.

ALSO READ: നാട്ടുകാര്‍ക്കായി കൗണ്‍സലിങ് നടത്തുന്ന മാരിയോ ജോസഫ് ജീജി മാരിയോ ദമ്പതികള്‍ ഏറ്റുമുട്ടി; കൈയില്‍ കടിച്ചു, മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു

മുന്‍ അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ്, ബരോണസ്സ് സയീദ വാഴ്‌സി, മുന്‍ എം 16 ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം ഡയറക്റ്റര്‍ റിച്ചാര്‍ഡ് ബാരെറ്റ്, മുന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മേധാവി സര്‍ പീറ്റര്‍ ഫാഹി എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം 50 നും 70 നും ഇടയില്‍ ബ്രിട്ടീഷുകാരാണ് സിറിയന്‍ ക്യാമ്പുകളില്‍ ഇപ്പോഴുള്ളത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

12 മുതല്‍ 30 വരെ കുട്ടികള്‍ ഉണ്ടാകാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഐസിസില്‍ ചേര്‍ന്നതിന് പിറകെ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. എന്നാല്‍, അത് തിരികെ ലഭിക്കുന്നതിനും ബ്രിട്ടനിലേക്ക് മടങ്ങുന്നതിനുമായി അവര്‍ നിയമ പോരാട്ടം നടത്തി വരികയാണ്.

ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുന്ന നടപടിയെ ആദ്യം സര്‍ കീര്‍ സ്റ്റാര്‍മര്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് ദേശീയ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് പറഞ്ഞ് തന്റെ നിലപാട് മാറ്റുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ടവര്‍ ഉള്‍പ്പടെ സിറിയന്‍ ക്യാമ്പുകളില്‍ ഉള്ള എല്ലാ ബ്രിട്ടീഷുകാരെയും തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സിറിയന്‍ മരുഭൂമിയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍,എന്നെങ്കിലും ബ്രിട്ടനിലേക്ക് മടങ്ങാമെന്ന പ്രത്യാശയുമായി കഴിയുകയാണ് ഷമീമ ബീഗം ഇപ്പോഴെന്ന് നേരത്തെ ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന പ്രതിവാരം 100 പൗണ്ട് ആണ് അവരുടെ ഏക വരുമാനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക