13
Feb 2024
Thu
13 Feb 2024 Thu
n v ibrahim master jeevitham darsanam book release at february 24

അരീക്കോട് ആസ്ഥാനമാക്കി മലബാറിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തിന് അടിത്തറ പാകിയ ധിഷണാശാലി എന്‍ വി ഇബ്രാഹിം മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകം പുറത്തിറങ്ങുന്നു. കോഴിക്കോട് ഒലിവ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എന്‍ വി ഇബ്രാഹിം മാസ്റ്റര്‍- ജീവിതം, ദര്‍ശനം’ എന്ന പുസ്തകം ഫെബ്രുവരി 24ന് രാവിലെ പത്തിന് അരീക്കോട് സണ്‍സിറ്റി ഓഡിറ്റോറിയത്തില്‍ മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍ ആണ് പ്രകാശനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍ പുസ്തകം സ്വീകരിക്കും. പി കെ ബഷീര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുന്‍ എം എല്‍ എ യും വാഗ്മിയുമായ അഡ്വ. കെ എന്‍ എ ഖാദര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് മെംബര്‍ ആര്‍. എസ്.പണിക്കര്‍ , രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി പി സഫറുല്ല , കെ ഭാസ്‌ക്കരന്‍ , എ ഡബ്ല്യു അബ്ദുറഹ്‌മാന്‍ എന്നിവര്‍ ആശംസ നേരും.(n v ibrahim master jeevitham darsanam book release at february 24)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ ദീര്‍ഘകാലം ഇബ്രാഹീം മാസ്റ്ററുടെ സഹചാരിയായിരുന്ന താലൂക്ക് പഞ്ചായത്ത് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത വി ഹംസ സാഹിബിനെ ഇബ്രാഹീം മാസ്റ്ററുടെ മകന്‍ അമീര്‍ അന്‍വര്‍ പുസ്തകത്തിന്റെ കോപ്പി നല്‍കി ആദരിക്കും. രണ്ട് പതിറ്റാണ്ട് കാലം അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും മൂന്ന് പതിറ്റാണ്ട് കാലം അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച മാസ്റ്റര്‍, നാടിന്റെ വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

കേരള, കോഴിക്കോട് സര്‍വകലാശാല സെനറ്റ് മെംബര്‍ , കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെംബര്‍, ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതിയംഗം, ദേശീയ അധ്യാപക സമിതി ഉപദേശക സമിതി അംഗം, വിവിധ വിദ്യാഭ്യാസ നയരൂപീകരണ സമിതികളില്‍ അംഗത്വം, സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ ആസൂത്രകന്‍, മാനേജര്‍, ഇഎംഇഎ കോളജിന്റെ പ്രഥമ എജ്യുക്കേഷന്‍ സെക്രട്ടറി തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ അദ്ദേഹം മലപ്പുറം ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, മലപ്പുറം ജില്ലാ സ്‌കൗട്ട് കമ്മീഷണര്‍, മഞ്ചേരി ബി ഡി സി ചെര്‍മാന്‍ എന്നീ നിലകളിലും തന്റെ മികവ് തെളിയിച്ചു.

‘എന്റെ വിശ്വസ്തനായ വഴികാട്ടി’ എന്ന് സി എച്ച് മുഹമ്മദ് കോയ വിശേഷിപ്പിച്ച അദ്ദേഹം മുസ്ലിം ലീഗ് വിദ്യാഭ്യാസ മന്ത്രിമാരായ സി എച്ച് , ചാക്കീരി അഹ്‌മദ് കുട്ടി, ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ വിദ്യാഭ്യാസ ഉപദേശകനായിരുന്നു. ഇബ്രാഹിം മാസ്റ്ററുടെ നാമധേയത്തില്‍ എല്ലാ വര്‍ഷവും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് നല്‍കിവരുന്ന സ്വര്‍ണനാണയവും ക്യാഷ് അവാര്‍ഡും ഫലകവും ചടങ്ങില്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ് പരിപാടിയുടെ സംഘാടകര്‍.

വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി പി അബ്ദുല്‍ ഹഖ്, ജനറല്‍ കണ്‍വീനര്‍ കെ ടി മുനീബു റഹ്‌മാന്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ വി സുആദ, പ്രസ്സ് & മീഡിയ കണ്‍വീനര്‍ എ നൂറുദ്ധീന്‍, ഡോക്ടര്‍ എന്‍ ലബീദ്, നവാസ് ചീമാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.