15
Jun 2023
Fri
15 Jun 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തില്‍ സിപിഎം നേതാക്കള്‍ കാരണം വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മരണക്കുറിപ്പുമായി ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് മേധാവിയും വ്യവസായിയുമായ എന്‍.എ മുഹമ്മദ്കുട്ടി. മന്ത്രിയുടെയും സിപിഎം പ്രാദേശിക നേതാക്കളുടെയും പേരെടുത്ത് പറഞ്ഞ് 6 പേജ് വരുന്ന മരണക്കുറിപ്പാണ് ഇദ്ദേഹം തയാറാക്കിയിരിക്കുന്നത്. മരണക്കുറിപ്പില്‍ പറയുന്ന എല്ലാ ആരോപണങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ ഏല്‍പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ വികസന പ്രവര്‍ത്തനം പോലും നടത്താന്‍ അനുവദിക്കാതെ തന്റെ ജീവിതം വഴിമുട്ടിക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മരണക്കുറിപ്പില്‍ പറയുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ നേതാക്കള്‍ നിര്‍ദേശിക്കുന്ന പാര്‍ട്ടി സംഘത്തെ നിയോഗിക്കണമെന്നും മരണക്കുറിപ്പിലൂടെ വ്യവസായി അഭ്യര്‍ഥിക്കുന്നു

2 വെള്ളപ്പൊക്കത്തിലുമായി 43 കോടി രൂപ നഷ്ടം സംഭവിച്ചിട്ടും എല്ലാ ആനുകൂല്യങ്ങളും നല്‍കി 100 തൊഴിലാളികള്‍ക്കു പ്രത്യക്ഷമായും 500 പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനം 20 ലക്ഷം രൂപ നികുതിയായി ഏലൂര്‍ നഗരസഭയ്ക്കും നല്‍കുന്നുണ്ട്. എന്നാല്‍ സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന ഉത്തരവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഈ നോട്ടിസുകള്‍ക്കു സ്റ്റേ അനുവദിച്ചിട്ടും നിര്‍മാണം തടയുകയാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുവെങ്കിലും ലഭിക്കുന്നില്ല. പള്ളിയില്‍ പോയുള്ള നിസ്‌കാര പ്രാര്‍ഥനകളും അപായപ്പെടുത്തുമെന്ന ഭയത്താല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ദാരുണമായ അന്ത്യം തന്നെ പിന്തുടരുന്നെന്ന ബോധ്യത്തിലാണു മരണക്കുറിപ്പ് തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മലപ്പുറം കോട്ടയ്ക്കലില്‍ രണ്ടുതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദുകുട്ടി മത്സരിച്ചിരുന്നു.