ജിദ്ദ: കലാലയം സാംസ്കാരിക വേദിയുടെ പതിമൂന്നാമത് സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോൽസവ് നവംബർ 10 ന് വെള്ളിയാഴ്ച മദീനയിൽ സംഘടിപ്പിക്കുന്നു. മദീന ദാന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എട്ട് വിഭാഗങ്ങളിലായി 67 കാലാ സാഹിത്യ വൈജ്ഞാനിക ഇനങ്ങളിൽ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
|
അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാൻ, തുടങ്ങിയ പത്ത് സോണുകളാണ് മറ്റുരയ്ക്കുക. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മൽസരിച്ച് ഒന്നാം സ്ഥാനത്തെത്തിയ 500 പ്രതിഭകളാണ് മദീനയിൽ മൽസരിക്കുന്നത്.
‘പ്രവാസം പുനർ നിർവചിക്കാൻ യുവത്വത്തിന് സാധിക്കുന്നുവോ’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകർ സംബന്ധിക്കുന്ന സംവാദവും, ‘പാട്ടുകളുടെ സാംസ്കാരിക വിപ്ലവം’ എന്ന വിഷയത്തിൽ സംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചയും സാഹിത്യോത്സവ് നഗരിയിൽ നടക്കും.
രാവിലെ 8ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന സംഗമത്തിൽ സാമൂഹിക, സാംസ്കാരിക പ്രതിനിധികൾ സംബന്ധിക്കും. ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണവും അടുത്ത ദേശീയ സാഹിത്യോത്സവ് വേദിയുടെ പ്രഖ്യാപനവും ഉണ്ടായിരിക്കും
സൗദി വെസ്റ്റിന്റെ വ്യത്യസ്തങ്ങളായ പ്രദേശങ്ങളിൽനിന്നും എത്തുന്ന പ്രതിഭകൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് സ്വാഗത സംഘത്തിന് കീഴിൽ നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
ആർ എസ് സി ഗ്ലോബൽ സെക്രട്ടറി നൗഫൽ എറണാകുളം, സൗദി വെസ്റ്റ് നാഷനൽ ജനറൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, ഭാരവാഹികളായ ഉമൈർ മുണ്ടോളി, ഫസീൻ അഹമ്മദ്, ഇർഷാദ് കടമ്പോട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


