ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 400 സീറ്റിന് മുകളില്‍ ലഭിക്കുമെന്നും ജൂണ്‍ 4ന് ഉച്ചയ്ക്ക് 1 മണിയോട് കൂടി രാജ്യം നരേന്ദ്ര മോദിക്ക് അത് നല്‍കി അനുഗ്രഹിക്കുമെന്നും അമിത് ഷാ. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ ഈ അവകാശവാദം. ( NDA will get over 400 seats: Amit Sha )
|
തോല്‍ക്കുകയാണെങ്കില്‍ ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം ജയിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് അമിത് ഷാ പരിഹസിച്ചു. ഇവിഎമ്മിന് കുഴപ്പമുണ്ടെങ്കില്‍ ജയിച്ചാല്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് എങ്ങിനെ? വയനാട്ടില്‍ ജയിച്ചാല്‍ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് രാഹുല്‍ വ്യക്തമാക്കണം.
സൂറത്തിലും ഇന്‍ഡോറിലും ബിജെപി എതിരില്ലാതെ ജയിച്ചത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന പ്രതിപക്ഷ വാദത്തെയും അമിത് ഷാ ഖണ്ഡിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ 37 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരില്‍ പലരും കോണ്‍ഗ്രസുകാരാണ്. ആ സമയത്ത് തങ്ങള്‍ ജനാധിപത്യത്തെ കൊന്നുവെന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കുമോ എന്ന് അമിത് ഷാ ചോദിച്ചു. യശ്വന്ത് റാവു ചവാന്‍, ഫാറൂഖ് അബ്ദുല്ല, ഡിംപിള്‍ യാദവ് തുടങ്ങയവര്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കാര്യം അമിത് ഷാ ചൂണ്ടിക്കാട്ടി.





