കാഠ്മണ്ഡു: നേപ്പാളില്‍ കടുത്ത നാശം വിതച്ച മിന്നില്‍ പ്രളയത്തിന് 9 ദിവസങ്ങള്‍ക്ക് ശേഷം, ത്രിശൂലിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടപ്പെട്ട ഹൈഡ്രോ പവര്‍ പ്രൊജക്റ്റ് തുരങ്കത്തില്‍ നിന്ന് 2 പേരെ ജീവനോടെ രക്ഷപ്പെടുത്തി. കൂടുതല്‍ ആളുകള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന പ്രതീക്ഷ ഇതോടെ വര്‍ദ്ധിച്ചിട്ടുണ്ട്. ത്രിശൂലി 3എ (Trishuli 3A) ഹൈഡ്രോ പവര്‍ പ്രൊജക്റ്റില്‍ നിന്ന് ചെളിയില്‍ കുളിച്ച തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ തോളിലേറ്റിയും സ്ട്രെച്ചറിലും പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.
|
നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ (NEA) മെക്കാനിക്കല്‍ ഫോര്മാന് സഞ്ജയ് ഷാ (30), ത്രിശൂലി-3 എ ഹൈഡ്രോ പവര്‍ പ്രൊജക്റ്റിലെ സൂപ്പര്‍വൈസര്‍ കബീര്‍ മഹാര്ജന് (45) എന്നിവരാണ് രക്ഷപ്പെട്ടതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുദന്‍ ഗുരുങ് അറിയിച്ചു.
‘എനിക്ക് ഒത്തിരി സന്തോഷമുണ്ട്, നെഞ്ചിലെ ഭാരം ഒഴിഞ്ഞുപോയി,’ രക്ഷപ്പെട്ട കബീര്‍ മഹാര്ജന്റെ സഹോദരന് അമീര്‍ മഹാര്ജന് പ്രതികരിച്ചു.
രക്ഷപ്പെടുത്തുമ്പോള്‍ സഞ്ജയ് ഷാ സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും അദ്ദേഹത്തെ തലസ്ഥാനമായ കാഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മഹാര്‍ജനെ കാഠ്മണ്ഡുവിലെ മിലിട്ടറി ആശുപത്രിയായ ഛൗണി ഹോസ്പിറ്റലിലേക്ക് മാറ്റി.
ALSO READ: മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു
ഓഗസ്റ്റ് 26-നുണ്ടായ ഹിമാനി തകര്‍ച്ചയെത്തുടര്‍ന്നാണ് (Glacier collapse) നേപ്പാളിലെ താഴ്വരകളിലും നഗരങ്ങളിലും പ്രളയം ആഞ്ഞടിച്ചതെന്നാണ് നിഗമനം. ത്രിശൂലി 3എ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ കൂടുതല്‍ ആളുകളുടെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റു തുരങ്കങ്ങളിലും രക്ഷാപ്രവര്‍ത്തനം ശക്തം
150-ലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്ന മറ്റ് ആറോളം ഹൈഡ്രോ പവര്‍ തുരങ്കങ്ങളിലും രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. നേപ്പാളിലെ 12 ഹൈഡ്രോ പവര്‍ പ്രൊജക്റ്റുകളില്‍ നിന്നായി 900-ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും ഇതില്‍ 500-ഓളം പേര് തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ കണക്കാക്കുന്നു. തുരങ്കങ്ങള്‍ക്കുള്ളിലേക്ക് എയര്‍ പമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
വന്‍ പ്രളയത്തില്‍ ഇതുവരെ 1,259-ലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും 5,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ദുരന്തനിവാരണ ഏജന്‍സിയുടെ കണക്ക്. അതിര്‍ത്തിയുടെ ടിബറ്റ് ഭാഗത്ത് 21 പേര് കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈന വ്യക്തമാക്കി.
കൂടുതല്‍ പേരെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണെന്ന് നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ബിക്രം തിമില്സിന വ്യക്തമാക്കി.
Tags: Nepal Floods, Nepal Tunnel Rescue, Trishuli 3A Hydropower Project, Nepal Rescue Operation, Kabir Maharjan, Sanjay Shah, Nepal Disaster News, International News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





