ശ്രീനഗർ: ജമ്മുവിനടുത്തുള്ള റോഹിങ്ക്യൻ അഭയാർഥി തടങ്കൽ കേന്ദ്രത്തിൽ പൊലീസ് അതിക്രമത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം. മരിച്ച കുട്ടിയുടെ അന്ത്യകർമങ്ങൾക്കായി റോഹിങ്ക്യൻ ദമ്പതികളെ എത്തിച്ചത് കൈവിലങ്ങണിയിച്ച്. സംസ്കാരസ്ഥലത്ത് വിലങ്ങുവച്ച നിലയിൽ കുഞ്ഞിനൊപ്പം ഇരിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ ഏവരുടേയും കണ്ണ് നനയിക്കുന്നതാണ്.
|
43 ദിവസം പ്രായമുള്ള കുഞ്ഞാണ് ഈ ആഴ്ച ആദ്യം തടവുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ മരണപ്പെട്ടത്. വ്യാഴാഴ്ച കുഞ്ഞിന്റെ മൃതദേഹം ജമ്മുവിലെ റോഹിങ്ക്യൻ സെറ്റിൽമെന്റിൽ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് അതിക്രമത്തിൽ നിരവധി റോഹിങ്ക്യകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് അന്ത്യകർമങ്ങൾക്കായി വിട്ടുനൽകുമ്പോൾ മാതാപിതാക്കൾ കൈവിലങ്ങണിയിക്കപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ഇതേയവസ്ഥയിലായിരുന്നു അവർ കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചതും. സലിം മുഹമ്മദ് എന്ന അഭയാർഥിയുടെ കുഞ്ഞാണ് മരിച്ചത്.
അതേസമയം, സംഘർഷത്തിൽ കുഞ്ഞ് മരിച്ചെന്ന വാർത്ത ജയിൽ അധികൃതർ നിഷേധിച്ചു. കുട്ടിക്ക് എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം തടങ്കൽ കേന്ദ്രത്തിൽ വച്ച് മരിക്കുകയായിരുന്നു എന്നുമാണ് തടങ്കൽ കേന്ദ്രത്തിന്റെ ചുമതലയുള്ള കത്വ ജില്ലാ ജയിൽ സൂപ്രണ്ട് കൗശൽ കുമാറിന്റെ ഭാഷ്യം.
ഇതിനിടെ, റോഹിങ്ക്യകളുടെ ഹോൾഡിങ് സെന്റർ ആയി നിശ്ചയിച്ചിരുന്ന ഹിരാനഗർ സബ് ജയിലിൽ കല്ലേറുണ്ടായെന്ന് ആരോപിച്ച് അവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 144 സ്ത്രീകളും കുട്ടികളുമടക്കം 271 റോഹിങ്ക്യകളാണ് കേന്ദ്രത്തിൽ തടവിലുള്ളത്.
ഹോൾഡിങ് സെന്ററിൽ ഒന്നിലധികം തവണ നിരാഹാര സമരങ്ങൾ നടത്തിയ റോഹിങ്ക്യകൾ തങ്ങളെ മോചിപ്പിക്കണമെന്നും സ്വന്തം രാജ്യമായ മ്യാൻമറിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക ഷെല്ലും പ്രയോഗിക്കുകയായിരുന്നു.
റോഹിങ്ക്യകളെ നാടുകടത്താതിനുള്ള കേസ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് കൗശൽ കുമാർ പറഞ്ഞു. 2012ലാണ് സലിം മുഹമ്മദും ഭാര്യയും ജമ്മുവിലെത്തിയത്. യുഎൻ നൽകിയ അഭയാർഥി കാർഡുകൾ പരിശോധിക്കുന്നതിനിടെയാണ് ദമ്പതികളെയും മൂത്ത മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
റോഹിങ്ക്യകളെ അഭയാർഥികളായി തുടരാൻ അനുവദിക്കുന്ന യുഎൻഎച്ച്‌സിആർ കാർഡ് സലീമിന് ഉണ്ടായിരുന്നിട്ടും, 2021ൽ ഹിരാനഗറിലെ ഹോൾഡിങ് സെന്ററിലേക്ക് മാറ്റുന്നതിന് മുമ്പ് കുടുംബത്തെ അംബ്ഫല്ലയിലെ ജമ്മു ജില്ലാ ജയിലിൽ പാർപ്പിച്ചു. തുടർന്ന് ദമ്പതികൾക്ക് രണ്ട് കുട്ടികൾ കൂടി ഇവിടെ വച്ച് ഉണ്ടായി. ഇതിൽ ഏറ്റവും ഇളയ കുഞ്ഞാണ് ഇപ്പോൾ മരിച്ചത്.





