Mamdani writes to Umar Khalid ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സിറ്റിയുടെ മുസ്ലീം മേയറായി സത്യപ്രതിജ്ഞ ചെയ്ത സോഹ്റാന്‍ മംദാനി, ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിന് കത്തെഴുതി. മംദാനി മേയറായി അധികാരമേറ്റ ദിവസം ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കളാണ് ഈ കത്ത് പുറത്തുവിട്ടത്.
|
‘പ്രിയപ്പെട്ട ഉമര്‍, കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് നീ പറഞ്ഞ വാക്കുകള്‍ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. ആ കയ്പ്പ് നമ്മെ വിഴുങ്ങാന്‍ അനുവദിക്കരുത് എന്നത് എത്ര പ്രധാനമാണെന്നും ഞാന്‍ ചിന്തിക്കാറുണ്ട്. നിന്റെ മാതാപിതാക്കളെ കണ്ടതില്‍ വലിയ സന്തോഷം. ഞങ്ങള്‍ എല്ലാവരും നിന്നെക്കുറിച്ച് ഓര്‍ക്കുന്നു,’ മംദാനി കത്തില്‍ കുറിച്ചു.
2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡസനിലധികം മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് ഉമര്‍ ഖാലിദ്. ഏകദേശം ആറ് വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍, വിചാരണ തുടങ്ങാതെ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
ഉമര്‍ ഖാലിദിന് വേണ്ടി വീണ്ടും
ന്യൂയോര്‍ക്ക് സിറ്റി മേയറാകുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 2023-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ‘ഹൗഡി, ഡെമോക്രസി?!’ (Howdy, Democracy?!) എന്ന പരിപാടിയില്‍ വെച്ച് മംദാനി ഉമര്‍ ഖാലിദിന്റെ കുറിപ്പുകള്‍ വായിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു അന്ന് മംദാനി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അന്ന് അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്നു.
‘ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും പണ്ഡിതനുമായ ഉമര്‍ ഖാലിദിന്റെ കത്താണ് ഞാന്‍ ഇവിടെ വായിക്കുന്നത്… ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷത്തിനുമെതിരെ പ്രചാരണം നടത്തിയ വ്യക്തിയാണദ്ദേഹം. വിചാരണ പോലുമില്ലാതെ 1,000 ദിവസത്തിലേറെയായി അദ്ദേഹം ജയിലിലാണ്. പലതവണ ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് നേരെ വധശ്രമം വരെ ഉണ്ടായിട്ടുണ്ട്,’ എന്നായിരുന്നു അന്ന് മംദാനി ജനക്കൂട്ടത്തോട് പറഞ്ഞത്.


