|
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഇടതുപക്ഷ എംഎൽഎയും നടനുമായ മുകേഷ് MLA സ്ഥാനമൊഴിയേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ MP. ആരോപണത്തിന്‍റെ പേരിൽ രാജിവെച്ചു മാറി നിന്നാൽ മൂന്നുമാസം കഴിഞ്ഞ് കേസ് ഇല്ല എന്ന് പോലീസ് പറയുമ്പോൾ മുകേഷിന്‍റെ സ്ഥാനത്തിന് എന്ത് സംഭവിക്കും ? ശശി തരൂർ ചോദിച്ചു.
“മൂന്നുമാസം കഴിഞ്ഞ് പോലിസ് കേസ് തള്ളിയാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കും? ജനങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മുകേഷ് മന്ത്രിയാണെങ്കിൽ മുഖ്യമന്ത്രി തന്നെ രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടാവും. എം.എൽ.എ ആയതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ജോലി ചെയ്യാനാകുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് ആ തീരുമാനമെടുക്കാം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ വേറെയാരെങ്കിലും വേണമെന്ന് ജനങ്ങൾ പറഞ്ഞാൽ അത് വേറെ സംഭവം ആണ്. എന്നാല് ഇപ്പോൾ അങ്ങനെയൊരു ആവശ്യം രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല – അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞത് പാർട്ടിയുടെ നയം അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന മുകേഷ് രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് ശക്തമായി ഉന്നയിച്ച് കൊണ്ടിരിക്കെ ആണ് തരൂരിൻ്റെ അഭിപ്രായ പ്രകടനം. രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രകടനങ്ങൾ നടത്തിവരിക ആണ്. മുമ്പും ഇതേ നിലപാട് തരൂർ പ്രഖ്യാപിച്ചിരുന്നു.
ബലാത്സംഗക്കേസിൽ മുകേഷിൻ്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തി. തീരദേശ പൊലീസിന്‍റെ ആസ്ഥാന ഓഫിസിലാണ് എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് മുകേഷിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. കേസിൽ നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് നടനെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.
“What happens to that position when the case is dismissed after three months if you resign over the allegation”? Shashi Tharoor supports Mukesh


