മലപ്പുറം: എഡിജിപി എം ആർ അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് സർക്കാരിന്റെയും എൽഡിഎഫിന്റെയും കണ്ണിലെ കരടായി മാറിയ നിലമ്പൂർ എംഎൽഎ പി വി അൻവർ എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. എൽഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും നാട്ടുകാർ തന്നതാണ് ഈ സ്ഥാനമെന്നും അൻവർ വ്യക്തമാക്കി.ഇടത്തോ വലത്തോ ഇരിക്കാതെ സഭയില്‍ നടുപക്ഷത്ത് ഇരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
|
എൽഡിഎഫ് പാർലമെൻററി പാർട്ടിയിൽ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയുമെന്നും പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രി മരുമകനെ മാത്രമെ കാണുന്നൂള്ളൂ. കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.
ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെൻറ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചതെന്ന് അൻവർ പറഞ്ഞു. ആ വ്യക്തിയാകും പൂരം കലക്കാൻ എഡിജിപിക്ക് നിർദേശം നൽകിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈൻ പ്ലേയാണ് അവർ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം.
കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു. കേരളം മുഴുവൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാൻ നോക്കി. തൃശൂരിലെ പ്രസംഗം നിങ്ങൾ കേട്ടില്ലേ എന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേടാണ്. സിപിഐഎം പ്രവർത്തകരെ പോലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തിൽ ഒറ്റക്കെട്ടാണെന്ന് അൻവർ പറഞ്ഞു. അതാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം നേരിടുന്ന ഭീഷണി. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിൻറെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു. മുഖ്യമന്ത്രി പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വമാണ് സർക്കാർ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നായിരുന്നു അൻവറിന്റെ മറുപടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി വി അൻവർ ഗുരുതര ആരോപണങ്ങളായിരുന്നു ഉയർത്തിവന്നിരുന്നത്. എന്നാൽ അൻവറിന്റെ ആരോപണങ്ങൾ തള്ളുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും സിപിഐഎമ്മും സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് അൻവർ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





