പാലക്കാട്: തൃത്താലയില്‍ അധ്യാപകനോട് കൊലവിളി നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. (Palakkad plus one student repenting for threatening the teacher) തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്.
|
ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.
തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. അതേ സമയം, വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു.
ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയാല്‍ തീര്‍ക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെച്ചത്. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്നമുണ്ടാക്കിയിരുന്നു.
തുടര്‍ന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ സസ്‌പെന്റ് ചെയ്തിരുന്നു.
വിഷയം ചര്‍ച്ച ചെയ്യുന്നതിന് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ അടിയന്തിര യോഗം ചേരും. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നത് കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പൊലീസും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





