29
Sep 2024
Sat
29 Sep 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തേക്കുള്ള പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിച്ചു. വിദേശകാര്യം ഉള്‍പ്പെടെയുള്ള നാലു പ്രധാനസമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിന് ലഭിച്ചു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിരോധകാര്യസമിതിയില്‍ ഉള്‍പ്പെടുത്തി. എല്ലാ കമ്മിറ്റികളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച സമിതിയുടെ അധ്യക്ഷന്‍ ദിഗ്‌വിജയ് സിങ് ആണ്. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവ സംബന്ധിച്ച കമ്മിറ്റിയെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി നയിക്കും. ഗ്രാമവികസന, പഞ്ചായത്തീരാജ് സമിതിയെ സപ്തഗിരി ശങ്കര്‍ ഉലകയും വിദേശകാര്യസമിതിയെ മുന്‍ നയതന്ത്രജ്ഞന്‍കൂടിയായ ഡോ. ശശി തരൂരും നയിക്കും.

ബി.ജെ.പിയുടെ രാധാ മോഹന്‍ സിങ്ങാണ് പ്രതിരോധ സമിതിയുടെ അധ്യക്ഷന്‍. ഭര്‍തൃഹരി മഹ്താബ് ധനകാര്യ സമിതിയുടെ അധ്യക്ഷനുമാണ്. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കല്‍ക്കരി, ഖനി, ഉരുക്ക് എന്നിവയുമായും രാജീവ് പ്രതാപ് റൂഡിക്ക് ജലവിഭവവുമായും ബന്ധപ്പെട്ട സമിതികളുടെ അധ്യക്ഷപദവിയും നല്‍കി.

ബി.ജെ.പിയുടെ നിഷികാന്ത് ദുബെയെ വാര്‍ത്താവിതരണ, ഐ.ടി കാര്യസമിതി അധ്യക്ഷനായും നിയമിച്ചു. ബി.ജെ.പിയുടെ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാളാണ് ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡോല സെന്‍ ആണ് വാണിജ്യകാര്യ സമിതി അധ്യക്ഷന്‍. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രൊഫ. രാം ഗോപാല്‍ യാദവ് ആരോഗ്യ കുടുംബക്ഷേമസമിതിയെയും ഡി.എം.കെയുടെ തിരുച്ചി ശിവ വ്യവസായ സമിതിയെയും നയിക്കും.

ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവ സംബന്ധിച്ച സമിതി അധ്യക്ഷന്‍ ജെ.ഡി.യു നേതാവ് സഞ്ജയ് ഝായാണ്. ടി.ഡി.പിയുടെ മഗുന്ത ശ്രീനിവാസുലു റെഡ്ഡിയാണ് പാര്‍പ്പിട, നഗരകാര്യ സമിതി മേധാവി.

വിവാദ പ്രസ്താവനകളെത്തുടര്‍ന്ന് ഒന്നിലധികം തവണ ബി.ജെ.പിയുടെ ശാസനക്കിരയായ നടിയും എം.പിയുമായ കങ്കണ റണൗട്ടിനെയും സമിതിയില്‍ ഉള്‍പ്പെടുത്തി. വാര്‍ത്താവിതരണ, ഐ.ടി കാര്യസമിതിയംഗമാണ് കങ്കണ. എസ്.പിയുടെ ജയ ബച്ചന്‍, ശിവസേനയുടെ (ഉദ്ധവ് പക്ഷം), പ്രിയങ്ക ചതുര്‍വേദി, ബി.ജെ.ഡിയുടെ സുഷ്മിത് പത്ര, കോണ്‍ഗ്രസിന്റെ കെ.ടി.എസ് തുളസി, തൃണമൂലിന്റെ മഹുവ മോയിത്ര എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്.

സമിതിയില്‍ ശശി തരൂര്‍ അടക്കം 28 മലയാളി എം.പിമാരാണുള്ളത്. ഡീന്‍ കുര്യാക്കോസ് (വിദ്യാഭ്യാസം, യുവ, കായികം), ഹാരിസ് ബീരാന്‍ (ആഭ്യന്തരം), ജോസ് കെ. മാണി, പി. സന്തോഷ് കുമാര്‍ (വ്യവസായം), കെ. സുധാകരന്‍ (ഉദ്യോഗസ്ഥ കാര്യ, പരാതി), കെ. ഫ്രാന്‍സിസ് ജോര്‍ജ് (ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി), കെ.സി വേണുഗോപാല്‍, അബ്ദുസ്സമദ് സമദാനി (ഗതാഗതം, ടൂറിസം, സാംസ്‌കാരികം), കൊടിക്കുന്നില്‍ സുരേഷ്, പി.പി സുനീര്‍ (കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌കരണം), ഷാഫി പറമ്പില്‍ (ഐ.ടി), രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി (ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം), ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, എന്‍.കെ പ്രേമചന്ദ്രന്‍ (ധനകാര്യം), ഹൈബി ഈഡന്‍ (നഗരകാര്യം), വി.കെ ശ്രീകണ്ഠന്‍ (തൊഴില്‍, നൈപുണ്യ വികസനം), ബെന്നി ബഹനാന്‍, വി. ശിവദാസന്‍ (പെട്രോളിയം), എം.കെ രാഘവന്‍, അടൂര്‍ പ്രകാശ് (റെയില്‍വേ), കെ. രാധാകൃഷ്ണന്‍ (ഗ്രാമവികസനം, പഞ്ചായത്ത് രാജ്), ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ്, പി.ടി. ഉഷ (സാമൂഹികനീതി), ജെബി മേത്തര്‍ (ജലവിഭവം) എന്നിവരാണ് കേരളത്തില്‍നിന്നുള്ളവര്‍.
parliamentary panels constituted four lead congress