09
Mar 2024
Mon
09 Mar 2024 Mon

പിസി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി; പൂഞ്ഞാറിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തും, അപ്പോഴും കലിപ്പ് മാറാതെ തുഷാര്‍ വെള്ളാപ്പള്ളി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന ബിജെപിയില്‍ അടുത്തിടെയെത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി. അനില്‍ ഇന്ന് വൈകീട്ട് അഞ്ചിന് പൂഞ്ഞാറിലെ വീട്ടിലെത്തി പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും.

പിസി ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അനില്‍ ആന്റണി പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക. പത്തനംതിട്ടയില്‍ താന്‍ മത്സരിക്കണമെന്നാണ് ജനം ആഗ്രഹിച്ചിരുന്നത്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ല. അനിലിനെ പത്തനംതിട്ടക്കാരെ ഇനി പരിചയപ്പെടുത്തി എടുക്കേണ്ടി വരുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

എകെ ആന്റണിക്ക് കേരളത്തില്‍ ലഭിക്കുന്ന പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം. എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അനില്‍ ആന്റണി തള്ളി.

അതേസമയം, പി.സി ജോര്‍ജിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിക്കെതിരെയുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശം ക്ഷീണമുണ്ടാക്കിയെന്ന് കാണിച്ചാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദക്ക് അദ്ദേഹം പരാതി നല്‍കിയത്. വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ ആവശ്യപ്പെടും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക