ദുബായ്: മെഗാ വെബ് സീരിസ് മീഡിയ 7-ന്റെ ബാനറിൽ മുന്നൂറ് എപ്പിസോഡുകളിലായി പൂർത്തിയാകുന്ന ‘പാത്തു കണ്ട ദുബായ്’ എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും ഗായകനും സംവിധായകനുമായ നാദിർഷ പുറത്തിറക്കി. ദുബായിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രകാശനം. പൂർണമായും യുഎഇയിലാണ് വെബ്സീരീസ് ചിത്രീകരിക്കുന്നത്.
|
2023 ആഗസ്റ്റ് അവസാനത്തോടെയായിരിക്കും ഈ മെഗാ പരമ്പര സ്വീകരണ മുറികളിലെത്തുക. അണിയറ പ്രവർത്തകർക്കൊപ്പം സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയനായ നസീർ വാടാനപ്പള്ളി, മലബാർ ഗോൽഡ് എം.ഡി മുഹമ്മദ് സാലി, പ്രശസ്ത ഗായകൻ ആദിൽ അത്തു, സോഷ്യൽ ഇൻഫ്‌ളൂവൻസർ ബൻസീർ, മാധ്യമ പ്രവർത്തകൻ മുനീർ പാണ്ട്യാല, ഷഫീൽ കണ്ണൂർ തുടങ്ങിയവർ ആശംകൾ നേർന്നു.
കൈരളി ടിവിയുടെ കൈരളി വീ, കൈരളി അറേബ്യ, കൈരളി വെബ്‌പോർട്ടൽ എന്നിവയിലൂടെയാണ് പാത്തു കണ്ട ദുബായ് സംപ്രേഷണം ചെയ്യുന്നത്.
പോറ്റമ്മയായ യുഎഇയുടെ മണ്ണിൽ നിന്നുകൊണ്ട് പ്രവാസി മലയാളിയുടെ പച്ചയായ ജീവിതം നർമത്തിൽ ചാലിച്ച് ഹൃദ്യമായി പറഞ്ഞുപോകുന്ന വെബ് സീരിസാണ് ‘പാത്തു കണ്ട ദുബായ്’ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ദുബായിലും ഷാർജയിലുമായി പരമ്പരയുടെ ചിത്രീകരണം പുരോഗമിച്ചു വരുകയാണ്.
പ്രമുഖ സിനിമ-സീരിയൽ സംവിധായകൻ ദിലീപ് പൊന്നനാണ് വെബ് സീരിസിന്റെ സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പ്രമുഖ നടൻ സാഹിൽ ഹാരിസ്, സീരിയൽ നടി ലക്ഷ്മി, പ്രമുഖ സിനിമ-നാടക നടി സേതുലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ നിസാം കാലിക്കറ്റും പരമ്പരയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
യുഎഇയിലെ മാധ്യമ മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന നിരവധി മലയാളി കലാകാരൻമാർ ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ വെബ് സീരിസിന്റെ ഭാഗമാകുന്നുണ്ട്. ഛായാഗ്രാഹകൻ മധു ആണ് ഡി.ഒ.പി. അസോസിയേറ്റ് ക്യാമറമാൻ ആദി. പ്രാഡക്ഷൻ കൺട്രോളർ ശ്രീജിത്ത്. മീഡിയ 7-ന്റെ ബാനറിൽ സിന്ധു & സ്വരൂപ് ആണ് ‘പാത്തു കണ്ട ദുബായ്’ മെഗാ വെബ്‌സീരീസ് നിർമിക്കുന്നത്.





