പയ്യന്നൂര്‍ രാമന്തളിയിലെ കൂട്ട ആത്മഹത്യയ്ക്കും കൊലപാതകത്തിനും പിന്നില്‍ ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിനും രണ്ട് പേരുടെ ആത്മഹത്യയ്ക്കും പിന്നിലെ കാരണമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് രാമന്തളിക്കാര്‍. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചകത്തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.
|
ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: എസ്‌ഐആര്‍ കരട് പട്ടിക ഇന്ന്; പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ എന്ത് ചെയ്യണം?
കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാന്‍ കോടതി വിധിയുണ്ടായിരുന്നു. തുടര്‍ന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ രാത്രി ഉഷയുടെ ഭര്‍ത്താവായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയിലായിരുന്നു. വീട്ടിനു മുന്നില്‍ നിന്ന് ഒരു കത്തും ലഭിച്ചു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
ഉടന്‍ പൊലീസെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കള്‍ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ്, നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.





