22
Dec 2025
Tue
22 Dec 2025 Tue
sir draft roll

sir draft roll publish today തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് മുതല്‍ ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.
സംസ്ഥാനത്ത് എസ്ഐആറിന്റെ പ്രധാനഘട്ടമാണ് ചൊവ്വാഴ്ച തീരുന്നത്. കരട് വോട്ടര്‍പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പുകമ്മിഷന്‍ പ്രധാനകടമ്പ കടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 14 വരെ ഹിയറിങുകള്‍ക്കും പരിശോധനകള്‍ക്കും സമയമുണ്ടാകും. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കുകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം. അവധിക്കെത്തുന്ന ഇവരില്‍ നല്ലൊരുശതമാനവും ‘കണ്ടെത്താന്‍ സാധിക്കാത്ത’വര്‍ ഉള്‍പ്പെട്ട എഎസ്ഡി പട്ടികയിലാണ്. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവര്‍ പുറത്താകാതിരിക്കാന്‍ എസ്ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനോട് സംസ്ഥാനസര്‍ക്കാരിന്റെയും ബിജെപിയിതര പാര്‍ട്ടികളുടെയും ആവശ്യം.

ALSO READ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപിയുടെ കുടുംബവും ബിജെപി നേതാക്കളും വോട്ട് മാറ്റി

24.08 ലക്ഷം പേരാണ് നിലവില്‍ എഎസ്ഡി പട്ടികയില്‍പ്പെടുത്തി പട്ടികയില്‍ നിന്ന് പുറത്തായിട്ടുള്ളത്. ഇതില്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ 6,45,548 പേരാണ്. കമ്മിഷന്റെ കണക്കിലുള്ള കണ്ടെത്താനാവാത്ത പലരും നാട്ടില്‍ത്തന്നെയുണ്ടെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറയുന്നു.

ഇവര്‍ക്ക് പേരുചേര്‍ക്കണമെങ്കില്‍ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇതിലെ തുടര്‍നടപടികള്‍ക്കും എഎസ്ഡി പട്ടികയില്‍ അല്ലാത്ത പുതിയ വോട്ടര്‍മാരുടെ ഹിയറിങ്ങിനും നിലവിലെ സമയം തികയില്ല. അതിനാല്‍, കൂടുതല്‍സമയം വേണമെന്നാണ് സര്‍ക്കാരിന്റെയും ആവശ്യം.

2025 സെപ്റ്റംബറില്‍ പുതുക്കിയ പട്ടികയിലുള്ള അര്‍ഹരായ ഒരാള്‍പോലും എസ്ഐആര്‍ പട്ടികയില്‍നിന്ന് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നാളെമുതല്‍ പേരുചേര്‍ക്കാം

എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ഫോം ആറില്‍ അപേക്ഷിക്കാം. ഇവര്‍ എന്ത് കൊണ്ട് നിശ്ചിത സമയത്ത് ഫോം പൂരിപ്പിച്ച് നല്‍കിയില്ല എന്നത് സംബന്ധിച്ച് ഡിക്ലറേഷനും നല്‍കണം. പുതിയതായി പേരുചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിരുത്തലുകള്‍ക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങള്‍ https://voters.eci.gov.in എന്ന ലിങ്കില്‍ കിട്ടും.

പരാതികള്‍ഉന്നയിക്കാന്‍ ഒരു മാസം

ഇന്ന് മുതല്‍ ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം. കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.

എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും ഡിസംബര്‍ 23 മുതല്‍ ഫെബ്രുവരി 14 വരെയാണ്. ഫെബ്രുവരി 21-ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ സമയമുണ്ട്

എസ്‌ഐആര്‍ ഫോം ലഭിക്കാത്തവര്‍ക്കും 18 വയസ്സ് പൂര്‍ത്തിയാക്കിയ പുതിയ വോട്ടര്‍മാര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവും. ഓണ്‍ലൈനിലാണ് അപേക്ഷ നല്‍കേണ്ടത്.

ആക്ഷേപങ്ങള്‍ നിരവധി

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്ത്. മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥിരമായി താമസംമാറിയവര്‍, ഇരട്ടവോട്ടുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയത്.

ഇരട്ടവോട്ടിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എണ്ണമെടുത്തതില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് ആക്ഷേപം. ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തെക്കുറിച്ചും അവ്യക്തതയുണ്ട്.

കരടുവോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണു പാര്‍ട്ടികളുടെ തീരുമാനം. കണ്ടെത്താന്‍ സാധിക്കാത്തവരായി കമ്മിഷന്‍ രേഖപ്പെടുത്തിയ പലരുമായും തങ്ങള്‍ നേരിട്ടു സംസാരിച്ചെന്നാണ് പാര്‍ട്ടികളുടെ അവകാശവാദം. ഇത്തരത്തില്‍ കാസര്‍കോട്ട് ഒഴിവാക്കപ്പെട്ട ഏതാനും പേരുടെ പട്ടിക സിപിഎം ഹാജരാക്കി. പല വാര്‍ഡില്‍നിന്നും ശരാശരി 150 250 പേര്‍ പുറത്തായെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.

കരടുപട്ടികയിലില്ലാത്തവര്‍ക്കു വോട്ടവകാശം നഷ്ടമാകില്ലെന്നും ഫോം 6 ഉപയോഗിച്ച് പുതിയ വോട്ടറായി പട്ടികയില്‍ ഉള്‍പ്പെടാമെന്നുമുള്ള കമ്മിഷന്റെ വാദത്തിനെതിരെയും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി വോട്ട് ചെയ്തയാളെ ഒഴിവാക്കിയിട്ട്, പുതിയ വോട്ടറായി പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണു നിലപാട്.

എസ്‌ഐആറില്‍ പേരുണ്ടോ എന്നറിയാം  ( check your name in SIR draft electoral roll )

എസ്‌ഐആറില്‍ പേരുണ്ടോ എന്നറിയുന്നതിന് https://voters.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ലഭിക്കുന്ന Search Your Name in Draft Roll എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. സംസ്ഥാനവും വോട്ടര്‍ ഐഡി നമ്പറും കാപ്ചയും നല്‍കുക.