sir draft roll കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറില്‍ പേരുണ്ടോ എന്നറിയുന്നതിന് https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 24,8,503 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.
|
ഇന്ന് മുതല്‍ ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം. ഫെബ്രുവരി 14 വരെ ഹിയറിങുകള്‍ക്കും പരിശോധനകള്‍ക്കും സമയമുണ്ടാകും. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
കരട് പട്ടിക സംബന്ധിച്ച് ഏതെങ്കിലും അവകാശവാദങ്ങളോ എതിര്‍പ്പുകളോ ഉണ്ടെങ്കില്‍ ജനുവരി 22 വരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്താനുള്ള പ്രക്രിയകള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. നിയസമഭാ തിരഞ്ഞെടുപ്പിന് മുമ്പ് 18 പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും വോട്ട് ചേര്‍ക്കാന്‍ അവസരമുണ്ടാവും.
എഎസ്ഡി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹിയറിങ് ഉണ്ടാവില്ല. പകരം അവര്‍ക്ക് ഫോം 6ല്‍ അപേക്ഷ നല്‍കാം. അതിന്റെ കൂടെ ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം.
2002 എസ്‌ഐആര്‍ മാപ്പിങ് ചെയ്യാന്‍ പറ്റാത്തവരെയാണ് ഹിയറിങ് നോട്ടീസ് നല്‍കി വിളിപ്പിക്കുക. നഗര പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ളവര്‍ കൂടുതലുള്ളത്. 2002 എസ്‌ഐആര്‍ മാപ്പിങിനുള്ള ശ്രമം ഇനിയും ഏതാനും ദിവസം കൂടി ബിഎല്‍ഒമാര്‍ തുടരും.
ഈആര്‍ഒ ആണ് ആരെയൊക്കെ ഹിയറിങിന് വിളിക്കണം എന്ന് തീരുമാനിക്കുന്നത്. അവര്‍ക്ക് ബിഎല്‍ഒമാര്‍ വഴി നോട്ടീസ് നല്‍കും. ഹിയങിന്റെ കാരണവും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങളും ഈ നോട്ടീസിലുണ്ടാവും.
24.08 ലക്ഷം പേരാണ് നിലവില്‍ എഎസ്ഡി പട്ടികയില്‍പ്പെടുത്തി പട്ടികയില്‍ നിന്ന് പുറത്തായിട്ടുള്ളത്. ഇതില്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ 6,45,548 പേരാണ്. ഇവര്‍ക്ക് പേരുചേര്‍ക്കണമെങ്കില്‍ പുതിയ വോട്ടറായി അപേക്ഷിക്കണം.
2025 സെപ്റ്റംബറില്‍ പുതുക്കിയ പട്ടികയിലുള്ള അര്‍ഹരായ ഒരാള്‍പോലും എസ്‌ഐആര്‍ പട്ടികയില്‍നിന്ന് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഇന്നു മുതല്‍ പേരുചേര്‍ക്കാം
എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ഫോം ആറില്‍ അപേക്ഷിക്കാം. ഇവര്‍ എന്ത് കൊണ്ട് നിശ്ചിത സമയത്ത് ഫോം പൂരിപ്പിച്ച് നല്‍കിയില്ല എന്നത് സംബന്ധിച്ച് ഡിക്ലറേഷനും നല്‍കണം. പുതിയതായി പേരുചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിരുത്തലുകള്‍ക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങള്‍ https://voters.eci.gov.in എന്ന ലിങ്കില്‍ കിട്ടും.
പരാതികള്‍ഉന്നയിക്കാന്‍ ഒരു മാസം
ഇന്ന് മുതല്‍ ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം. കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.
എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും ഡിസംബര്‍ 23 മുതല്‍ ഫെബ്രുവരി 14 വരെയാണ്. ഫെബ്രുവരി 21-ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ സമയമുണ്ട്
എസ്ഐആര്‍ ഫോം ലഭിക്കാത്തവര്‍ക്കും 18 വയസ്സ് പൂര്‍ത്തിയാക്കിയ പുതിയ വോട്ടര്‍മാര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവും. ഓണ്‍ലൈനിലാണ് അപേക്ഷ നല്‍കേണ്ടത്.


