കൊച്ചി: നാടിനെ നടുക്കിയ കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊല കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. എങ്കിലും ശിക്ഷ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
|
രാവിലെ 11 ന് കോടതി ശിക്ഷയില്‍ വാദം കേട്ടപ്പോള്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും അതിനാല്‍ വധശിക്ഷ പോലെ പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്ത്‌ലാലും വെട്ടേറ്റ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവില്‍ കഴിഞ്ഞയാഴ്ചയാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി വിധി പറഞ്ഞത്. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. കേസിലെ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കലടക്കമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. ഇവ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ്. ഒന്നാം പ്രതിയായ പീതാംബരന്‍, നാലാംപ്രതി അനില്‍കുമാര്‍, ഏഴാം പ്രതി അശ്വിന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് അധികമായി ചുമത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





