04
Dec 2025
Thu
04 Dec 2025 Thu
phantom phone vibration

Phantom phone vibration മൊബൈല്‍ ഫോണിനോടുള്ള അഡിക്ഷന്‍ നാള്‍ക്കു നാള്‍ വര്‍ധിച്ച് വരികയാണ്. ഒരു ദിവസം 150 തവണയെങ്കിലും സ്മാര്‍ട്ട്ഫോണ്‍ എടുത്ത് നോക്കുന്നവരാണ് കൂടുതല്‍ പേരും എന്ന് പഠനങ്ങള്‍ പറയുന്നു. സാങ്കേതികവിദ്യയിലുള്ള ഈ അമിതമായ ആശ്രിതത്വം ടെക്‌നോളജി അഡിക്ഷന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

whatsapp മൊബൈല്‍ വൈബ്രേറ്റ് ചെയ്യുന്നതായി വെറുതെ തോന്നുന്നുണ്ടോ? അതാണ് ഫാന്റം വൈബ്രേഷന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിങ്ങളുടെ ഫോണ്‍ യഥാര്‍ത്ഥത്തില്‍ റിങ് ചെയ്യാത്തപ്പോള്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നത് പോലെ തോന്നാറുണ്ടോ? ഇതിനെയാണ് ഫോണ്‍ ഫാന്റം വൈബ്രേഷന്‍ എന്ന് പറയുന്നത്. ഈ പ്രതിഭാസം പ്രധാനമായും തലച്ചോറിലെ ഒരു മിഥ്യാധാരണ അല്ലെങ്കില്‍ ഒരു വ്യാജ അലാറം ആണ്.

ഫോണ്‍ പരിശോധിക്കുകയും അമിതമായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം ആവര്‍ത്തിക്കുമ്പോള്‍, ആ അനുഭവം തലച്ചോറില്‍ സംഭരിക്കപ്പെടുന്നു. ചില പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, തലച്ചോറിലെ ഫില്‍ട്ടറിങ് മെക്കാനിസത്തിന് തകരാര്‍ സംഭവിക്കുകയും ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നതായി വ്യാജ സിഗ്‌നലുകള്‍ നല്‍കുകയും ചെയ്യുന്നു.

മെഡിക്കല്‍ രംഗത്തെ ‘ഫാന്റം ലിംബ് സിന്‍ഡ്രോം’ എന്ന അവസ്ഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് വന്നത്. അപകടത്തിലോ മറ്റോ ശരീത്തില്‍ നിന്ന് മുറിച്ചുമാറ്റിയ ഒരു കൈയിലോ കാലിലോ ഇപ്പോഴും വേദനയോ ചൊറിച്ചിലോ ഉണ്ടെന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയാണിത്.

അതുപോലെ ഫോണ്‍ പോക്കറ്റില്‍ ഇല്ലെങ്കിലും വൈബ്രേറ്റ് ചെയ്യുന്നതായി തോന്നുന്നതിനാലാണ് ഇതിന് ‘ഫാന്റം വൈബ്രേഷന്‍’ എന്ന് പേര് വന്നത്. കഠിനമായ മാനസിക സമ്മര്‍ദത്തോടുള്ള പ്രതികരണമായും ചിലപ്പോള്‍ ഇത്തരം ഫാന്റം വൈബ്രേഷനുകള്‍ അനുഭവപ്പെടാം. വിവിധ പഠനങ്ങള്‍ അനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 68 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് എപ്പോഴെങ്കിലും ഫാന്റം വൈബ്രേഷന്‍ അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് വളരെ സാധാരണമായ പ്രതിഭാസമാണ്.

ഫാന്റം വൈബ്രേഷന്‍ സിന്‍ഡ്രോം ഒരു രോഗാവസ്ഥയല്ലാത്തതിനാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും ശീലങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെയും ഇത് ലഘൂകരിക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറക്കുകയാണ് പ്രധാനം. ഫോണില്‍ ചെലവഴിക്കുന്ന സമയം ട്രാക്ക് ചെയ്യുകയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.

ദിവസത്തില്‍ ഒരു നിശ്ചിത സമയത്തില്‍ ഫോണ്‍ പൂര്‍ണ്ണമായും മാറ്റി വെക്കുക. ഫോണ്‍ റിങ് മോഡില്‍ ഇടുകയോ വൈബ്രേഷന്‍ പൂര്‍ണ്ണമായും ഓഫ് ആക്കുകയോ ചെയ്യുക. ആവശ്യമില്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ മ്യൂട്ട് ചെയ്യുകയോ ഓഫ് ആക്കുകയോ ചെയ്യുന്നത് ഫോണ്‍ പരിശോധിക്കാനുള്ള പ്രേരണ കുറക്കും.