21
Feb 2025
Sun
21 Feb 2025 Sun
yogesh guptha

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കസ്റ്റംസ് വിഭാഗവും കേരളാ പോലീസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. (Pinarayi sends Vigilance to catch central agencies) അന്വേഷണത്തിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതി ഉന്നയിച്ച് കേരളത്തിലെ കസ്റ്റംസ് മേധാവി രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലന്‍സ്- പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ കത്ത് നല്‍കി.

എന്നാല്‍, എത്ര ഉന്നതരായാലും സംസ്ഥാനത്തെ ഏത് അഴിമതിയേയും അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനം. മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളില്‍ വിജിലന്‍സ് ഇടപെട്ടിരുന്നില്ല.

ALSO READ: എസി തകരാര്‍; 3 മണിക്ക് പുറപ്പെടേണ്ട വിമാനം യാത്രക്കാര്‍ കയറി മണിക്കൂറുകള്‍ക്കു ശേഷം റദ്ദാക്കി; ശ്വാസംമുട്ടി യാത്രക്കാര്‍

വിമാനത്താവളം വഴി സ്വര്‍ണ്ണ കടത്ത് വര്‍ധിച്ചതോടെയാണ് വിജിലന്‍സ് നിലപാട് മാറ്റിയത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്സില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംസ്ഥാനത്തിന് പുറത്തുള്ള വീടുകളില്‍ പോലും റെയ്ഡ് നടത്തിയിരുന്നു വിജിലന്‍സ്.

കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അര്‍ധ ഔദ്യോഗിക കത്ത് അയച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി സമ്മതം വാങ്ങിയ ശേഷമാണ് ഈ കത്ത് അയച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ചെറുക്കാന്‍ വിജിലന്‍സിനെ പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ ക്വാര്‍ട്ടേഴ്‌സ് റെയ്ഡ് ചെയ്തു. ഹരിയാനയില്‍ കൈത്തലിലെ സന്ദീപ് നെയിന്റെ കുടുംബ വീട്ടിലും പരിശോധന നടത്തി. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയിട്ടും തിരിച്ചുനല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇതിനൊപ്പമാണ് സംസ്ഥാനത്തിന് പുറത്ത് പരിശോധന നടത്തിയത്.

അതേസമയം, നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിജിലന്‍സ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്ന് വിജിലന്‍സ് വ്യക്തമാക്കി. യോഗേഷ് ഗുപ്തയാണ് വിജിലന്‍സ് ഡയറക്ടര്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയും നടപടിയെടുക്കാന്‍ വിജിലന്‍സിന് കഴിയുമെന്ന് സര്‍ക്കാരിനെ യോഗേഷ് ഗുപ്തയാണ് അറിയിച്ചത്. ഇതോടെ സര്‍ക്കാര്‍ അനുമതിയും നല്‍കി. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡുകള്‍ നടത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക