05
Apr 2024
Tue
05 Apr 2024 Tue

വീണ്ടും പിണങ്ങി മൈക്ക്; എന്നാല്‍ ഇക്കുറി ചിരിച്ചും തമാശ പറഞ്ഞും മുഖ്യമന്ത്രി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തില്‍ വീണ്ടും മൈക്ക് പണിമുടക്കി. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസാരിച്ച് തുടങ്ങി അല്‍പസമയത്തിനകം തന്നെ മൈക്ക് പണിമുടക്കി. എന്നാല്‍ ഇക്കുറി പ്രകോപനത്തിലേക്ക് പോകാതെ സംയമനത്തോടെ മൈക്കിന് മുന്നില്‍ തുടര്‍ന്ന മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഒരു വര്‍ത്തയായല്ലോ എന്ന് പറഞ്ഞ് ചിരിച്ചു. ശേഷം മൈക്ക് ഓപ്പറേറ്റര്‍ മൈക്ക് ശരിയാക്കിയതിന് ശേഷം വാര്‍ത്താ സമ്മേളനം തുടരുകയും ചെയ്തു.

സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില, സംഭരണത്തിന്റെ ഗ്യാരണ്ടി, കര്‍ഷക ആത്മഹത്യ, വായ്പ എഴുതിതള്ളല്‍ ഇവയെക്കുറിച്ചെല്ലാം പൂര്‍ണമായി മൗനം പാലിച്ച് എങ്ങനെയാണ് കര്‍ഷകരെ ശാക്തികരിക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊളിലാളികള്‍ക്കും കടാശ്വാസം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പത്തുവര്‍ഷമായിട്ട് ഇന്നുവരെ പത്തുരൂപയെങ്കിലും മോദി സര്‍ക്കാര്‍ കടാശ്വാസം നല്‍കിയോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കര്‍ഷകര്‍ക്കുള്ള എല്ലാ പ്രധാന ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. ഇത് എങ്ങനെയാണ് ശാക്തീകരണമാകുക. ഓരോ ഇന്ത്യാക്കാരനും ഒരു വീട് എന്നതായിരുന്നു 2019 ല്‍ ബിജെപി നല്‍കിയ വാഗ്ദാനം. അതിന്റെ ഗതി എന്തായി. അതും പറയേണ്ടതല്ലേ. 2024 ലെ മാനിഫെസ്റ്റോയില്‍ ഇതേക്കുറിച്ച് പരിപൂര്‍ണ മൗനമാണ്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഭവനരഹിതരില്ലാത്ത കേരളം എന്ന മുദ്രാവാക്യമാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഉയര്‍ത്തിയത്. ആ സ്വപ്‌ന സാക്ഷാത്കാരത്തോട് അടുക്കുകയാണ് സംസ്ഥാനം. ഇപ്പോള്‍ നാലുലക്ഷം വീടുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതുവരെ 4,03,558 വീടുകളാണ് പൂര്‍ത്തീകരിച്ചത്. 1,00,052 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. ഇതില്‍ എന്താണ് കേന്ദ്രത്തിന്റെ പങ്കാളിത്തമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഈ മാസം ഏഴിന് പത്തനംതിട്ടയില്‍ നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇത്തരത്തില്‍ മൈക്ക് പണി നല്‍കിയിരുന്നു. പത്തനംതിട്ട അടൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കണക്ഷനിലെ തകരാര്‍ മൂലം ശബ്ദ തടസ്സം ഉണ്ടായത്. പത്തനംതിട്ട അടൂരില്‍ സ്വകാര്യ ഹോട്ടലിലെ ഹാളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം നടന്നത്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളില്‍ വിശദമായ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ശബ്ദം സംവിധാനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ സൗണ്ട് ബോക്‌സില്‍ നിന്നും തകരാര്‍ നേരിട്ടു തുടങ്ങി.

ഏപ്രില്‍ 5 ന് കോട്ടയത്ത് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പര്യടനത്തിലും മൈക്ക് മുഖ്യമന്ത്രിക്ക് പണികൊടുത്തിരുന്നു. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീഴുകയിരുന്നു. ശേഷം മൈക്ക് നേരെയാക്കി സംസാരിച്ചു തുടങ്ങിയപ്പോള്‍ ഷോര്‍ട് സര്‍ക്യൂട്ട് സംഭവിച്ച് ആംപ്ലിഫയറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എല്ലാം തടസ്സമാണല്ലോ എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ ചാണ്ടി അനുസ്മരണ വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടുവന്ന സംവത്തില്‍ മൈക്ക് ഓപറേറ്റര്‍ക്കെതിരെ പോലീസ് കേസെടുത്തത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയ നടപടി പിന്നീട് പൊലീസ് പിന്‍വലിച്ചു. ഈ സംഭവത്തിന് ശേഷമാണ് മൈക്കും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധം കൗതുകമാവുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക