സിസേറിയനു ശേഷം ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു മടങ്ങിയ 19കാരി കടുത്ത വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ വയറിനുള്ളിൽ കണ്ടെത്തിയത് ഡോക്ടർമാർ ഉപയോഗിച്ച ഗ്ലൗസുകളും പേപ്പർ നാപ്കിനുകളും. മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിലാണ് ഗുരുതരമായ ചികിത്സാ പിഴവുണ്ടായത്. സന്ധ്യ സുരജ് ഗായകവാഡ് ആണ് ചികിൽസാപ്പിഴവിന് ഇരയായത്.
|
ആഗസ്റ്റ് ഒന്നിന് ബീഡ് ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയ സന്ധ്യയെ നാല് ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ കടുത്ത വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.
വേദന അസഹനീയമായതോടെ ബന്ധുക്കൾ സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ മറ്റു വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിലായ സന്ധ്യയെ പുണെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തി വയറിനുള്ളിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയാ ഗ്ലൗസുകളും പേപ്പർ നാപ്കിനുകളും നീക്കം ചെയ്തു.
കുഞ്ഞിനെ കൈയിലെടുക്കാൻ പോലും മകൾക്ക് ശക്തിയില്ലെന്ന് സന്ധ്യയുടെ അമ്മ പറയുന്നു.. ചികിത്സയിലെ ഗുരുതര വീഴ്ചയാണ് സന്ധ്യയുടെ അവസ്ഥയ്ക്ക് കാരണമെന്ന് ഭർത്താവ് സുരജ് കുറ്റപ്പെടുത്തി.
സംഭവത്തിൽ സന്ധ്യയുടെ കുടുംബം ബീഡ് ജില്ലാ ആശുപത്രി അധികൃതർക്ക് പരാതി നൽകി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ജില്ലാ സർജൻ ഡോ. സതീഷ്കുമാർ സോളങ്കെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയിൽ പങ്കെടുത്ത മുഴുവൻ ഓപ്പറേഷൻ തിയറ്റർ സംഘവും അന്വേഷണത്തിന്റെ പരിധിയിലാണെന്നാണ് അധികൃതർ അറിയിച്ചത്. കുറ്റം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





