കണ്ണൂര്‍: കണ്ണൂരില്‍ അതിരുവിട്ട വിവാഹാഘോഷം പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലാക്കി. (Powerful firecrackers burst during wedding celebrations in Kannur; Infant in ICU) ആഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതായാണ് പരാതി.
|
അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്. ഒപ്പം ബാന്റ് സെറ്റും ഉണ്ടായിരുന്നു.
ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന് പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ‘ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വന്‍ ശബ്ദത്തില്‍ ആദ്യ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടെന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്.
പിറ്റേദിവസമായിരുന്നു കല്യാണം. അന്ന് വൈകിട്ട് വരന് ഇറങ്ങുന്ന സമയത്തും സമാനമായ രീതിയില്‍ വലിയ പടക്കങ്ങള്‍ പൊട്ടിച്ചു. വന്‍ ശബ്ദമാണ് ഈ സമയത്തും ഉണ്ടായത്.
ALSO READ: നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു; രണ്ട് മുറിവുകള്‍ ആഴത്തിലുള്ളത്
ശബ്ദം കേട്ടതിന് പിന്നാലെ തലേന്നത്തെ രീതിയില്‍ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയില്‍ തുടര്‍ന്നു. ശേഷം അനക്കമില്ലാതായി. കാലിന് അടിയില്‍ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും.
അതിന് ശേഷം വരന് തിരികെ വീട്ടിലെത്തിയ ശേഷം രാത്രിയിലും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഈ സമയത്താണ് കുഞ്ഞിന് കൂടുതല്‍ പ്രശ്നങ്ങളുണ്ടായത്. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു’. എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
അതിരുവിട്ട ആഘോഷത്തിനെതിരേ നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകള്‍ക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറഞ്ഞു.


