23
Jun 2025
Fri
23 Jun 2025 Fri

പാലക്കാട്: ഗായത്രിപ്പുഴയില്‍ തരൂരില്‍വച്ചു ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകന്‍ പ്രണവാണ് (21) മരിച്ചത്. പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നില്‍ ഭാരതപ്പുഴയിലെ കടവില്‍നിന്നു ആണ് മൃതദേഹം കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാന്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ ആണ് മൃതദേഹം പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് അന്‍പത് കിലോമീറ്ററിലേറെ ദൂരം മൃതദേഹം ഒഴുകിപ്പോയി. പ്രണവിനായി കരിങ്കുളങ്ങര-കുരുത്തിക്കോട് തടയണകളിൽ ദുരന്തനിവാരണ സേന, സ്കൂബാ ടീം എന്നിവ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കവേയാണ്  മൃതദേഹം കണ്ടെത്തിയത്. പ്രണവിന്റെ അടുത്തബന്ധു വിനോദും അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് മുടിവെട്ടിയ രീതിയാണ്. ആർമിക്കട്ട് തലമുടിയും ധരിച്ചിരുന്ന പാന്റ്‌സും അടിവസ്ത്രവും ബന്ധുക്കളും കൂട്ടുകാരും പെട്ടെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം വെള്ളത്തിൽക്കിടന്ന് വീർത്ത നിലയിലായിരുന്നു.

 

തരൂര്‍ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രണവ് അപകടത്തില്‍പ്പെട്ടത്. പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രണവിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.

 

ആലത്തൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് പ്രണവ്.

 

പ്രണവ് ജനിച്ചുവളർന്ന നാടും പ്രദേശവുമാണ് അപകടമുണ്ടായ സ്ഥലം. തോണിപ്പാടം അരിക്കിൻചിറയിലാണ് അച്ഛന്റെ വീട്. അമ്മവീട് സമീപത്തെ നെല്ലിപ്പാടത്തു ആണ് സ്ഥിതി ചെയ്യുന്നത്. രണ്ടുവർഷംമുൻപാണ് കഴനി കിഴക്കേപ്പാടത്ത് പുതിയ വീടുവെച്ച്ഇവർ മാറിയത്.

 

പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.

ഇലക്‌ട്രീഷ്യനായ അച്ഛൻ ശിവരാമൻ അപകടവിവരമറിഞ്ഞ് ഗൾഫിൽനിന്ന് നാട്ടിലെത്തി. അമ്മ ബിന്ദു അത്തിപ്പൊറ്റ കുണ്ടുപറമ്പ് അങ്കണവാടി അധ്യാപികയാണ്. സഹോദരി: കാർത്തിക.

Pranav’s dead body found, Student who went missing in the Gayathripuzha river