07
Nov 2023
Mon
07 Nov 2023 Mon

ഓഫീസിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥന; അന്വേഷണം നടത്തുമെന്ന് മന്ത്രി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത് സംബന്ധിച്ച് വിവാദമായതോടെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് മന്ത്രി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടറും ഉത്തരവിട്ടു. സബ് കലക്ടറെയാണ് ചുമതലപ്പെടുത്തിയത്.

തൃശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയത്. ഓഫീസ് സമയം കഴിയുംമുമ്പ് വൈകിട്ട് നാലരയോടെയാണു സംഭവം. പെട്ടെന്നു വന്ന അറിയിപ്പ് ആയതിനാല്‍ ഓഫീസര്‍ പറയുന്നത് അനുസരിക്കാനേ ജീവനക്കാര്‍ക്കു കഴിഞ്ഞുള്ളൂ എന്നാണു വിവരം. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരായതിനാല്‍ നിര്‍ദേശം ധിക്കരിക്കാനും പലര്‍ക്കും ധൈര്യം വന്നില്ല.

ഇതേ ഓഫീസിലുള്ള ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടി വന്നു. ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയാണ് പ്രാര്‍ത്ഥനയ്ക്ക് കാര്‍മ്മികത്വം വഹിച്ചത്. പ്രാര്‍ത്ഥന നടന്നതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു സമ്മതിച്ചു. അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന പരിഹാസം ഉയര്‍ന്നതോടെയാണ് രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറം ലോകമറിഞ്ഞത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക