19
May 2026
Tue
19 May 2026 Tue
kozhikkode sona death

പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. തീപിടിത്തം അപകടമല്ലെന്നും ആസൂത്രിതമാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നീങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിനു മുന്‍പ് ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇത് സോന തന്നെയാണെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. വാഹനത്തിന്റെ തകരാറല്ല തീപിടിത്തത്തിനു കാരണമെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. തീ പടര്‍ന്നത് എന്‍ജിനില്‍ നിന്നല്ല എന്നും മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. കാറില്‍ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന.

60 ശതമാനത്തിലേറെ പൊള്ളലേറ്റ, സോനയുടെ ഭര്‍ത്താവ് കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാല്‍ ചികിത്സയിലാണ്. സംഭവസമയത്തു വാഹനമോടിച്ചിരുന്ന രജിന്‍ ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിന്‍സീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്റെ മണം എന്ന് താന്‍ ചോദിച്ചപ്പോഴേക്കും തീ പടര്‍ന്നു എന്നാണ് രജിന്‍ ലാലിന്റെ മൊഴി. ഇതെല്ലാം പരിഗണിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്.

കന്നാസുമായി പോകുന്ന സ്ത്രീ സിസിടിവിയില്‍

നടുവണ്ണൂര്‍ റോഡിനു സമീപം കന്നാസുമായി പോകുന്ന, സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിസിടിവിയിലെ ദൃശ്യങ്ങള്‍ ഇന്നു വിശദമായി പരിശോധിക്കും. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടെന്നും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. പെട്രോളിന്റെ സാധ്യത പൊലീസ് തള്ളിക്കളയാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ ദുരൂഹതയേറി.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. രജിന്‍ ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങി. താന്‍ ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു.

തിരികെവന്ന ശേഷമാണു രജിന്‍ലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ,പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രജിന്‍ ലാലിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകും.

പേരാമ്പ്രയില്‍ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല.

Pregnant Woman’s Death in Kozhikode: police confirm the car fire was premeditated